Monday, May 20, 2024
indiaNewspolitics

വിവാദ പ്രതിജ്ഞ: ദില്ലിയില്‍ സാമൂഹിക ക്ഷേമ മന്ത്രി രാജിവെച്ചു

ദില്ലി: ഹിന്ദുദേവതകളെയും ദേവന്‍മാരെയും ആരാധിക്കില്ലെന്നും, ആചാരങ്ങള്‍ പാലിക്കില്ലെന്നുമെന്ന മന്ത്രിയുടെ പ്രതിജ്ഞ വിവാദമായതോടെ ദില്ലിയില്‍ സാമൂഹിക ക്ഷേമ മന്ത്രി രാജിവെച്ചു. എഎപി നേതാവും സാമൂഹിക ക്ഷേമ മന്ത്രിയുമായ രാജേന്ദ്ര പാല്‍ ഗൗതമാണ് രാജിവെച്ചത്. വിജയദശമി ദിനത്തില്‍ നിരവധി പേര്‍ ബുദ്ധമതം സ്വീകരിച്ച മതപരിവര്‍ത്തന പരിപാടിയില്‍ മന്ത്രി പങ്കെടുത്തതാണ് വിവാദമായത്. മന്ത്രി ഏറ്റുചൊല്ലുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ ആംആദ്മി പാര്‍ട്ടിയെ കടന്നാക്രമിച്ച് ബിജെപി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആരുടെയെങ്കിലും മതവിശ്വാസം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ധര്‍മ്മചക്ര പരിവര്‍ത്തന്‍ ദിനത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങ് 1956 ഒക്ടോബറില്‍ ഡോ അംബേദ്കര്‍ ലക്ഷക്കണക്കിന് അനുയായികള്‍ക്കൊപ്പം ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ സ്മരണക്കായാണ് നടത്തിയത്. അന്ന് അംബേദ്കര്‍ ചൊല്ലിയ 22 പ്രതിജ്ഞകളാണ് ഈ ചടങ്ങില്‍ ആം ആദ്മി മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം ജനങ്ങള്‍ക്ക് ചൊല്ലിക്കൊടുത്തത്.’ഞാന്‍ ബ്രഹ്‌മാവില്‍ വിശ്വസിക്കില്ല, വിഷ്ണു, മഹേശ്വരന്മാരിലും വിശ്വസിക്കില്ല, അവരെ ആരാധിക്കുകയുമില്ല’. മന്ത്രിയുടെ ഈ പ്രതിജ്ഞയാണ് ബിജെപി വിവാദമാക്കിയത്. അത് ഹിന്ദുത്വത്തെയും ബുദ്ധിസത്തെയും അപമാനിക്കുന്നതാണെന്ന് ബിജെപി ആരോപിക്കുന്നു. എഎപി മന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം. അദ്ദേഹത്തിനെതിരെ പരാതി നല്‍കുമെന്നും ബിജെപി എംപി മനോജ് തിവാരി പറഞ്ഞു. ഹിന്ദുക്കള്‍ക്കെതിരെ വിഷം വമിപ്പിക്കുന്നു എന്ന പേരിലാണ് വിവാദ വീഡിയോ ബിജെപി ട്വീറ്റ് ചെയ്തത്.