കൃഷിയിടത്തില്‍ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
പെരിയാര്‍ കടുവ സങ്കേതത്തോട് ചേര്‍ന്ന മേഘമല വന്യജീവി സങ്കേതത്തില്‍ നിന്ന് കൃഷിയിടത്തിലെത്തിയ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. തേനി ജില്ലയിലെ തേവാരം താഴേയുത്ത് മലയടിവാരത്തില്‍ പാണ്ടി എന്നയാളുടെ കൃഷിയിടത്തിലാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഈ ഭാഗത്ത് പതിവായി ആന, മ്ലാവ്, കാട്ടുപോത്ത് എന്നിവ വരാറുണ്ടെന്നും കൃഷി നശിപ്പിക്കാറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. കൃഷിയിടത്തിലിറങ്ങിയ ആന, തോട്ടം കാവല്ക്കാരെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ സംഭവവും ഈ മേഖലയില്‍ പതിവാണ്. അതിനാല്‍ വന്യജീവികളുടെ ശല്യം ഒഴിവാക്കാന്‍ നടത്തിയ ഏതെങ്കിലും ശ്രമത്തെ തുടര്‍ന്നാണോ ആന ചരിഞ്ഞതെന്ന സംശയം ശക്തമായിരിക്കുകയാണ്.
സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തമപാളയം റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ജഡം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.