Monday, May 20, 2024
HealthkeralaNews

തിരുവനന്തപുരത്ത് സിക വൈറസ് ബാധ സ്ഥിരീകരിച്ചു

രണ്ടു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 3 പേര്‍ക്കു കൂടി തിരുവനന്തപുരത്ത് സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം കണ്ടെത്തിയവരുടെ എണ്ണം ഇതോടെ 18 ആയി. ഇതില്‍ 14 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര വിദഗ്ധ സംഘം നിര്‍ദേശിച്ചു. 2100 പരിശോധനാ കിറ്റുകള്‍ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ സാംപിളുകള്‍ കോയമ്പത്തൂരിലെ ലാബില്‍ പരിശോധിച്ചപ്പോഴാണു 3 പേര്‍ക്കു കൂടി രോഗം കണ്ടെത്തിയത്. കുട്ടിക്കു പുറമേ 46 വയസ്സുളള പുരുഷന്‍, 29 വയസ്സുള്ള ആരോഗ്യ പ്രവര്‍ത്തക എന്നിവര്‍ക്കാണു രോഗബാധ.

തിരുവനന്തപുരത്തു സന്ദര്‍ശനം നടത്തുന്ന വിദഗ്ധ സംഘം ആരോഗ്യ വകുപ്പ് ഡയറക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. സംഘം ഇന്നു രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. സിക വൈറസ് പരിശോധന നടത്താന്‍ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പനി, ചുവന്ന പാടുകള്‍, ശരീരവേദന എന്നീ ലക്ഷണങ്ങളോടെ ആശുപത്രികളിലെത്തുന്ന രോഗികളെ, പ്രത്യേകിച്ച് ഗര്‍ഭിണികളെ, സിക വൈറസ് പരിശോധനയ്ക്കു വിധേയമാക്കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.