Sunday, April 28, 2024
InterviewkeralaNews

ഈ ‘പൊറോട്ടയടിക്കാരി’ ഇപ്പോള്‍ താരമാണ്.

  • അനശ്വരയ്ക്ക് സുരേഷ് ഗോപിയുടെ വിളിയെത്തി ……

  • ഹൈക്കോടതിയില്‍ ജൂനിയറാകാനും അവസരം.

ഒരു കുഞ്ഞുവീടും അതിനോട് ചേര്‍ന്ന ചെറിയ ഹോട്ടലും. അമ്മ സുബിയെ സഹായിക്കാനായാണ് നിയമവിദ്യാര്‍ഥിനിയായ അനശ്വര ഹരി
ഹോട്ടലില്‍ പൊറോട്ടയടിക്കാന്‍ തുടങ്ങിയത്. എരുമേലി കാഞ്ഞിരപ്പള്ളി റോഡിലെ ആര്യ ഹോട്ടലിലെ കുറുവാമൂഴിയാണ് അനശ്വരയുടെ സ്ഥലം.അമ്മമ്മയാണ് ആര്യ ഹോട്ടല്‍ തുടങ്ങിയത്. പിന്നീട് അനശ്വരയുടെ അമ്മ സുബിയും സഹോദരിയും ഹോട്ടലിന്റെ മേല്‍നോട്ടം ഏറ്റെടുത്തു. ഇപ്പോള്‍ അവര്‍ക്ക് പുറമേ അനശ്വരയും സഹോദരിമാരും അമ്മയുടെ സഹോദരിയുടെ മകനും ആര്യയില്‍ സജീവമായി രംഗത്തുണ്ട്. അനശ്വരയ്ക്കും കുടുംബത്തിനും സ്വന്തമായി വീടില്ല. ഹോട്ടലിനോട് ചേര്‍ന്നുള്ള കാശാംകുറ്റിയില്‍ തറവാട്ടുവീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

അനശ്വരയുടെ ഈ ജീവിത പോരാട്ടം സോഷ്യല്‍ മീഡിയയിലൂടെ ഒരു ദിവസത്തിനുള്ളില്‍ എഴുപതു ലക്ഷം പേര്‍ കണ്ടതാണ് അനശ്വരയെ താരമാക്കിയത്.കണ്ടുപഠിക്കണം ഈ മിടുക്കിയെ എന്നാണ് നാട്ടുകാര്‍ ഒന്നടങ്കം പറയുന്നത്.ആദ്യമൊക്കെ അല്‍പം ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പിന്നെ അത് പതിവായി, ഇപ്പാള്‍ ആരെയും വെല്ലുന്ന കൈമെയ് വഴക്കത്തോടെ അനശ്വര ഈ ജോലി ചെയ്യും. അമ്മയും അമ്മയുടെ സഹോദരിയും എല്ലാ സഹായത്തിനും കൂടെയുണ്ട്. അനശ്വരയ്‌ക്കൊപ്പം സഹോദരിമാരായ മാളവികയും അനാമികയും പൊറോട്ടയടിക്കാനായി രംഗത്തുണ്ട്. അനശ്വരയെപ്പോലെ തന്നെ മിടുമിടുക്കികളാണ് ആറിലും പ്ലസ് വണ്ണിലും പഠിക്കുന്ന സഹോദരിമാരും. അനശ്വര തൊടുപുഴ അല്‍ അസര്‍ കോളേജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് . ആദ്യമൊക്കെ കൂട്ടുകാര്‍ തമാശയ്ക്ക് പൊറോട്ട എന്നു വിളിക്കാറുണ്ടായിരുന്നു.എന്നാല്‍ തമാശയാണെങ്കിലും ഒരിക്കല്‍ പോലും ഈ വിളി അപമാനമായി തോന്നിയില്ല അനശ്വര പറഞ്ഞു. പകരം ജീവിതം നല്‍കുന്ന തൊഴിലിനെക്കുറിച്ച് അഭിമാനം മാത്രമേ ഉള്ളൂ. ഇപ്പോള്‍ കൂട്ടുകാരെല്ലാവരും എല്ലാ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. സോഷ്യല്‍ മീഡിയയുടെ വാര്‍ത്ത പുറത്തുവന്നതോടെ എല്ലാവരും എന്റെ കഥയറിഞ്ഞു. എല്ലാവരും വിളിച്ച് സ്നേഹവും പിന്തുണയും അറിയിക്കുന്നുണ്ട്.എല്ലാവരേയും പോലെ ലോക്ഡൗണ്‍ കാലത്ത് ആര്യാ ഹോട്ടലും പ്രതിസന്ധി നേരിടുന്നുണ്ട്.

 

 

 

എരുമേലി നിര്‍മ്മല പബ്ലിക് സ്‌കൂളില്‍ ഒന്നു മുതല്‍ പത്തു വരെയും,വെണ്‍കുറിഞ്ഞി എസ് എന്‍ ഡി പി ഹയര്‍സെക്കന്റെറി സ്‌കൂളില്‍
പ്ലസ്റ്റു വരെയും അനശ്വര പഠിച്ചത്. നേരത്തെ ഒരു ബാങ്കില്‍ ചെറിയ ജോലി ചെയ്തിരുന്നു. പിന്നീട് അത് നിര്‍ത്തി. മുന്‍പ് ട്യൂഷന്‍ എടുത്ത് ചെറിയ രീതിയില്‍ വരുമാനം നേടിയിരുന്നെങ്കില്‍ ഇപ്പോള്‍ ആര്യ ഹോട്ടലാണ് പ്രധാന വരുമാന മാര്‍ഗം. പഠനം പൂര്‍ത്തിയാക്കാന്‍ ഇനി കുറച്ച് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. പക്ഷെ പഠിച്ച് വക്കീല്‍ ആയാലും പൊറോട്ടയടി വിടില്ലെന്നാണ് അനശ്വര പറയുന്നത്. അമ്മ ചെയ്യുന്ന പണി ഏറ്റെടുക്കും. വക്കീല്‍ പഠനവും ഹോട്ടലിലെ ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോവുന്നതില്‍ അമ്മയ്ക്കും കുടുംബത്തിനും സന്തോഷം മാത്രമേ ഉള്ളൂ.പെണ്‍കുട്ടിയായാലും ആണ്‍കുട്ടിയായാലും മാന്യമായ തൊഴില്‍ ചെയ്യുന്നതില്‍ മോശമില്ലെന്നാണ് അനശ്വരയുടെ നിലപാട്. എത്ര ചെറിയ ജോലിയായാലും സാഹചര്യമായാലും സന്തോഷമായി ജീവിക്കുക. പരാതികളില്ലാതെ ജീവിച്ചാല്‍ സന്തോഷവും സമാധാനവും നമ്മളെ തേടി വരുമെന്നാണ് അനശ്വരയുടെ ജീവിതപാഠം.

അനശ്വരയുടെ ജിവിതപോരാട്ടം ശ്രദ്ധയില്‍പ്പെട്ടതോടെ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും ആശംസയും പിന്തുണയും എത്തുകയാണ്.പ്രമുഖ സിനിമതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി അനശ്വരയെ നേരില്‍ വിളിച്ച് പിന്തുണ അറിയിച്ചു.കൂടതെ സുപ്രിം കോടതിയിലെ അഭിഭാഷനായ മനോജ് വി.ജോര്‍ജ് തങ്ങളുടെ ജൂനീയര്‍ ആയി പ്രവര്‍ത്തിക്കാന്‍ ക്ഷണിച്ചതായി കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.