Thursday, May 2, 2024
indiakeralaNews

ഓണം കേരളത്തിന്റെ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്ന ഉത്സവം: പ്രധാനമന്ത്രി

ദില്ലി : ലോകമെമ്പാടുമുളള മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തെ മനോഹരമായി പ്രദര്‍ശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയില്‍ അറിയിച്ചു. ജീവിതത്തില്‍ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വര്‍ഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഓണശംസകള്‍ നേര്‍ന്നു…

എല്ലാ മലയാളികള്‍ക്കും രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഓണശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാര്‍ദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി …

മുഖ്യമന്ത്രി പിണറായി വിജയനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്ന് മുഖ്യമന്ത്രി ആശംസിച്ചു. സമഭാവനയുടെ സന്ദേശമാണ് ഓണം പകര്‍ന്നു നല്‍കുന്നത്. സമത്വസുന്ദരവും ഐശ്വര്യപൂര്‍ണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നുവെന്നാണ് ഓണസങ്കല്‍പം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കുകയെന്നും മുഖ്യമന്ത്രി തന്റെ ഓണാശംസ സന്ദേശത്തില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി ഓണാശംസകള്‍ നേര്‍ന്നു…..
വയനാട് എംപിയായ രാഹുല്‍ ഗാന്ധിയും ഏവര്‍ക്കും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും തിരുവോണാശംസകള്‍ നേര്‍ന്നു

 

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഓണാശംസകള്‍ നേര്‍ന്നു….

കേരളത്തിലെ സഹോദരീ സഹോദരന്‍മാര്‍ക്ക് സന്തോഷകരമായ ഓണം ആശംസിക്കുന്നെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഓണാശംസകള്‍ നേര്‍ന്നു…

ഓണം ഐതിഹ്യത്തിന്റെയും സന്തോഷകരമായ ഭൂതകാലത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ട്വീറ്റ് ചെയ്തു.

 

 കേരള ബ്രേക്കിംഗ് ഓണ്‍ ലൈന്‍ ന്യൂസിന്റെ ഓണാശംസകള്‍