Monday, April 29, 2024
Uncategorized

ഔഷധസസ്യ ജീവജാലങ്ങളുടെ വിസ്മയം തീര്‍ത്ത് അഗസ്ത്യാര്‍കൂടം.

sunday  special.                                                                 [email protected]

            പശ്ചിമഘട്ടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്ന സ്ഥലമാണ് അഗസ്ത്യാര്‍കൂടം.വനങ്ങളും ജല സമൃദ്ധമായ കാട്ടരുവികളും വൈവിദ്ധ്യമായ ഔഷധ സസ്യങ്ങളുമായി പ്രകൃതി ഒരു വിസ്മയ ഭൂപ്രകൃതിയാണ് ഒരുക്കിയിരിക്കുന്നത്.കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ കൊടുമുടിക്ക് സമുദ്രനിരപ്പില്‍ നിന്നു 1868, മീറ്റര്‍ ഉയരമുണ്ട്.തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യാര്‍കൂടം സ്ഥിതി ചെയ്യുന്നത്.
                                         അഗസ്ത്യാര്‍മല ഒരു തീര്‍ത്ഥാടന കേന്ദ്രമാണ്. ഹിന്ദു പുരാണത്തിലെ സപ്തര്‍ഷികളില്‍ ഒരാളാണ് അഗസ്ത്യമുനി. മലയുടെ മുകളില്‍ അഗസ്ത്യന്റെ ഒരു പൂര്‍ണ്ണകായ പ്രതിമയുണ്ട്. സിദ്ധ വൈദ്യത്തിന്റെ പ്രചാരകനും പിതാവും കൂടിയാണ് അഗസ്ത്യ മുനി. അഗസ്ത്യാര്‍മലയുടെ തട്ടുകളില്‍ ദുര്‍ലഭമായ 2000-ത്തോളം മരുന്നു ചെടികളും വേരുകളും കണ്ടുവരുന്നു.അഗസ്ത്യകൂടം അപൂര്‍വമായ സസ്യ ജാലങ്ങളുടെയും ജീവ ജാലങ്ങളുടെയും വന്യ മൃഗങ്ങളുടെയും വാസ സ്ഥലമാണ്.
                                 തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യാര്‍കുടം മലയില്‍ (പൊതിയല്‍ മല) അവലോകിനെശ്വര വിശ്വാസ സമ്പ്രദായമായ ബുദ്ധമത കേന്ദ്രം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തില്‍ ചിത്തിര മാസത്തില്‍ ( ഏപ്രില്‍ – മേയ് ) ഇവിടെ തീര്‍ത്ഥാടനായി ഭക്തര്‍ വന്നു ചേര്‍ന്നിരുന്നു. മഹായാന സംമ്പ്രദായത്തിലെ ബോധിസത്വ സങ്കല്പമായിരുന്നു ആരാധനയുടെ അടിസ്ഥാനം.ശ്രിലങ്ക,ടിബറ്റിലെ ലാസ എന്നിവിടങ്ങളില്‍ നിന്നും ബുദ്ധ മത അനുയായികളും ലാമമാരും പൊതിയല്‍ മല സന്ദര്‍ശിച്ചിരുന്നു. ടിബെറ്റുകാര്‍ ചെരന്‍സി എന്നാണ് പോതിയല്‍മലയിലെ ബുദ്ധ വിഹാരത്തെ വിളിച്ചിരുന്നത് എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവല്‍ തോമസ് ജൂനിയറിന്റെ ഗ്രന്ഥത്തില്‍ പറയുന്നു.മണി മേഖലയിലും ചിലപ്പതികാരത്തിലും പൊതിയില്‍ മല തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്.
                  അഗസ്ത്യാര്‍മലയിടുക്കില്‍ നിന്നും നദി ഉദ്ഭവിച്ച് ഇരുപതു തവണ മലയെ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലു കൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരന്‍ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്. ബുദ്ധിസം അസ്തമിച്ചപ്പോള്‍ തീര്‍ത്ഥാടനം നില്‍ക്കുകയും കേരളത്തിലെ ഈഴവ-തീയ പ്രാചീന ബുദ്ധജനതയുടെ ഇതര ബുദ്ധ കേന്ദ്രങ്ങളും ആയുള്ള ബന്ധം അറ്റ് പോവുകയും ചെയ്തു. 

   പതിനാലാം നൂറ്റാണ്ടില്‍ സന്ദര്‍ശിച്ച മാന്‌ലന്‍സ് പോ ആണ് ഔദ്യോഗിക ഭാഷ്യ പ്രകാരം അവസാന തീര്‍ത്ഥാടകന്‍. എല്ലാവര്‍ഷവും ജനുവരി/ഫെബ്രുവരി മാസങ്ങളില്‍ ഇവിടെയ്ക്കുള്ള യാത്രയ്ക്ക്‌ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇവിടെ സഞ്ചാരികള്‍ക്ക് ലാത്തിമൊട്ട, കരമനയാര്‍, വാഴപ്പത്തിയാര്‍, അട്ടയാര്‍ എന്നീ നാലു ക്യാമ്പുകളാണുള്ളത്.ഏഴു മടക്കന്‍ മലകയറിയെത്തിയാല്‍ പിന്നെ കാത്തിരിക്കുന്നത് മുച്ചാണിമലയെന്ന ചെരിവുമലയാണ്. 80 ഡിഗ്രിവരെ ചരിഞ്ഞു നില്‍ക്കുന്ന ആ മലമ്പാതയില്‍ പിടിച്ചുകയറാന്‍ വടം തന്നെ വേണം.ആ മലയും കയറിക്കഴിയുമ്പോള്‍ അഗസ്ത്യമുനിയുടെ വാസയിടവും പ്രതിഷ്ഠയുമാണ്.പൂര്‍ണ്ണകായാകൃതിയിലുള്ള പ്രതിമയില്‍ വിളക്ക് കത്തിച്ച് പൂജനടത്താം. മാഞ്ഞു പോകുന്ന മൂടല്‍ മഞ്ഞ്‌   അനന്ത വിഹായസ്സിന്റെ നേര്‍ക്കാഴ്ച തന്നെയാണ്.ദൂരെ കാണുന്ന പേപ്പാറ ഡാമും ഒരത്ഭുതമാണ്.
                                    അഗസ്ത്യമലയുടെ തൊട്ടടുത്ത് തന്നെയാണ് സപ്തര്‍ഷി മല.എപ്പോഴും തണുത്ത് കാറ്റ് വീശുന്ന സ്ഥലം.പ്രകൃതിയും മനുഷ്യനും തമ്മില്‍ ഒന്നിക്കാന്‍ കഴിയുന്ന ചുരുക്കം ചില മുഹൂര്‍ത്തങ്ങളിലൊന്നാണ് . നാഗരികത കടന്നുവരാത്ത ഇതു പോലുള്ള സ്ഥലം നിലനില്‍ക്കുക തന്നെ വേണം.രോഗ സൗഖ്യത്തിന്റെ, മനഃശാന്തിയുടെ ആ കൊടുമുടിയിലേക്ക് ഒരുയാത്ര.സിദ്ധവൈദ്യത്തിന്റെ പരമോന്നതമായ ഉത്തുംഗഗിരിയായ അഗസ്ത്യാര്‍കൂടം  സംരക്ഷിക്കുക തന്നെ വേണം.