Sunday, May 19, 2024
keralaNewspolitics

മുഖ്യമന്ത്രിക്കെതിരെ തെളിവ് തേടി കസ്റ്റംസ്; കോണ്‍സല്‍ ജനറലിനെയും ചോദ്യം ചെയ്യണം

ഡോളര്‍ കടത്ത് കേസില്‍ മന്ത്രിമാര്‍ക്കും സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ക്കുമെതിരായ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ഈ മാസം 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസയച്ചു. കോണ്‍സല്‍ ജനറലിനെയും അഡ്മിന്‍ അറ്റാഷെയെയും ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് കസ്റ്റംസ് കേന്ദ്രധനമന്ത്രാലയത്തെ അറിയിച്ചു.നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ ഒരിടവേളയ്ക്ക് ശേഷം കസ്റ്റംസ് നടപടികളുമായി മുന്നോട്ട്. ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസയച്ചു. ഈ മാസം 12 ഹാജരാകാനാണ് നിര്‍ദേശം. നിയമസഭാ സെക്രട്ടറി കെ അയ്യപ്പനെ കസ്റ്റംസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയെന്ന് ഹൈക്കോടതിയില്‍ അറിയിച്ചതിന് പിന്നാലെയാണ് കസ്റ്റംസ് പി. ശ്രീരാമകൃഷ്ണന് നോട്ടീസയച്ചത്.

മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ്, ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യാണെന്നും കസ്റ്റംസ്, കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചു. ഇവരെ ഇന്ത്യയിലെത്തിക്കുക എളുപ്പമല്ല താനും. ഖാലിദിനെ ഒരുലക്ഷത്തി തൊണ്ണൂറായിരം ഡോളര്‍ കടത്തിയ കേസില്‍ പ്രതിയാക്കുകയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ക്കു തുടക്കമിടുകയും െചയ്തിട്ടുണ്ട്. എന്നാല്‍, സ്വപ്നയുടെ രഹസ്യമൊഴിയിലെ പറഞ്ഞ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ട ഡോളര്‍ കടത്തില്‍ വ്യക്തത വരണമെങ്കില്‍ മൂന്ന് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണം.എത്ര ഡോളര്‍ വീതം എത്ര തവണ കടത്തി, യാത്ര നടത്തിയ തീയതികള്‍, എവിടെ വച്ച് ആര്‍ക്കു കൈമാറി തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. അതേസമയം, ഡിജിറ്റല്‍ രേഖകളും സാക്ഷി മൊഴികളും കൂടുതല്‍ തെളിവു നല്‍കുമെന്ന പ്രതീക്ഷയിലാണു കസ്റ്റംസ്. കഴിഞ്ഞമാസം ജമാല്‍ അല്‍ സാബിയുടെ ബാഗില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ഫോണ്‍, പെന്‍ഡ്രൈവ് എന്നിവയുടെ പരിശോധന നടക്കുകയാണ്.