Friday, April 19, 2024
indiakeralaNews

എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനിനി കാര്‍ഡ് വേണ്ട

ഡെബിറ്റ് കാര്‍ഡില്ലാതെ തന്നെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള സൗകര്യമൊരുക്കി രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തിരഞ്ഞെടുക്കപ്പെട്ട എ ടി എമ്മുകളില്‍ ഏര്‍പ്പെടുത്തുന്ന ഈ സൗകര്യം ലഭ്യമാകണമെങ്കില്‍ എസ് ബി ഐ യോനോ ആപ്പ് ഉണ്ടായിരിക്കണം. സ്വന്തം സ്മാര്‍ട്ട്/ ആന്‍ഡ്രോയിഡ് ഫോണില്‍ യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അക്കൗണ്ടുടമകള്‍ക്ക് ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട എടിഎമ്മുകളില്‍ നിന്ന് പണം കാര്‍ഡില്ലാതെ കൈപ്പറ്റാം.

ചെയ്യേണ്ടത് ഇതാണ്

അക്കൗണ്ടുടമകള്‍ എസ് ബി ഐ നെറ്റ് ബാങ്കിങ് വഴി യോനോ ആപ്പില്‍ ലോഗ് ഇന്‍ ചെയ്യുക. അതിന് ശേഷം ആറക്ക എംപിന്‍ സെറ്റ് ചെയ്യുക. ഭാവിയിലും ഇതേ പിന്‍ ഉപയോഗിക്കാം. യോനോ ആപ്പില്‍ കയറി യോനോ കാഷ് എന്ന ഓപ്ഷനില്‍ പോവുക. ഇവിടെ നിന്നും എടിഎം സെക്ഷനില്‍ പോയി പിന്‍വലിക്കാന്‍ ഉദേശിക്കുന്ന തുക ടൈപ്പ് ചെയ്യുക.

പരമാവധി 10,000

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം പരമാവധി ഇങ്ങനെ പിന്‍വലിക്കാവുന്ന തുക 10,000 രൂപയാണ്. ഇത്രയുമാകുമ്പോള്‍ നിങ്ങളുടെ റജിസ്ട്രേഡ് മൊബൈല്‍ നമ്പറില്‍ ട്രാന്‍സാക്ഷന്‍ നമ്പര്‍ ലഭിക്കും. ഈ നമ്പറും ആദ്യം സെറ്റ് ചെയ്ത പിന്‍ നമ്പറും ഉപയോഗിച്ച് എസ് ബി ഐ യോനോ കാഷ് പോയിന്റില്‍ നിന്നും പണം പിന്‍വലിക്കാം.പണം പിന്‍വലിക്കുന്നതിന് എടിഎം മെഷിനില്‍ അക്കൗണ്ടുടമ ‘കാര്‍ഡ്ലെസ് ട്രാന്‍സാക്ഷന്‍’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യണം. പിന്നീട് ‘യോനോ കാഷി’ല്‍ പോയി ആവശ്യത്തിന് വിവരങ്ങള്‍ നല്‍കാം. ട്രാന്‍സാക്ഷന്‍ നമ്പറിന് നാലു മണിക്കൂര്‍ വാലിഡിറ്റി ഉള്ളതിനാല്‍ എടിഎംല്‍ പോയി പണം പിന്‍വലിക്കാനുള്ള സാവകാശമുണ്ട്.