Monday, May 20, 2024
keralaNews

 ഷിഗല്ല വൈറസ്:  സാഹചര്യത്തില്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാവൂ; ആരോഗ്യ മന്ത്രി

കേരളത്തില്‍ ഷിഗല്ല വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. രോഗത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വെള്ളത്തിലൂടെ രോഗം പടരുന്നതിനാല്‍ ജനസാന്ദ്രത കൂടുതലുള്ള സ്ഥലങ്ങളിലുള്ളവര്‍ പ്രധാനമായും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമെ കുടിക്കാന്‍ പാടുള്ളൂ. ആരോഗ്യവകുപ്പ് പറയുന്ന എല്ലാ നിര്‍ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് അപേക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു.ഷിഗല്ല വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ക്യാമ്പ് നടത്തി. ജനങ്ങള്‍ക്ക് വൈറസ് ബാധയെ നേരിടാനുള്ള മുന്‍കരുതലുകള്‍ നല്‍കിയെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കുട്ടികളിലാണ് രോഗബാധ കൂടുതലേല്‍ക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വ്യക്തി ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടു.ഇതുവരെ 40 പേര്‍ക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് കോട്ടാംപറമ്പ് മേഖലയില്‍ ഷിഗല്ല ലക്ഷണങ്ങളോടെ മരിച്ച പതിനാലുകാരന് എവിടെ നിന്ന് രോഗം ബാധിച്ചെന്ന് കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍ പിന്നീട് രോഗ ബാധിതരായവര്‍ക്ക് മരിച്ച കുട്ടിയുടെ വീട്ടില്‍ നിന്നാണ് ബാക്ടീരിയ ബാധിച്ചത്.