Friday, May 17, 2024
indiaNewspolitics

ദില്ലിയില്‍ എഎപി മന്ത്രി രാജിവച്ചു

ദില്ലി: ദില്ലി മദ്യനയക്കേസില്‍ മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എ എ പി മന്ത്രി സഭയിലെ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് പാര്‍ട്ടി അംഗത്വമടക്കം മന്ത്രിപദവിയും രാജിവച്ചു. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്നാണ് രാജ് കുമാര്‍ ആനന്ദിന്റെ വിമര്‍ശനം. മദ്യ നയക്കേസില്‍ അരവിന്ദ് കെജ്രിവാളിന് ദില്ലി ഹൈക്കോടതിയില്‍ ഇന്നലെയേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മന്ത്രിയുടെ രാജി. എന്നാല്‍ മദ്യ നയക്കേസില്‍ ഇഡി നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ബിജെപി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ എഎപി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയില്‍ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ദളിത് വിരുദ്ധ നടപടികളാണെന്നും ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്. ആംആദ്മി പാര്‍ട്ടിയുടെ അന്ത്യം തുടങ്ങിയെന്നാണ് രാജ് കുമാര്‍ ആനന്ദിന്റെ രാജിയോടുള്ള ബിജെപിയുടെ പ്രതികരണം. രാജ് കുമാര്‍ ആനന്ദിന്റെ രാജി 2011 മുതല്‍ ആരംഭിച്ച അരവിന്ദ് കെജ്രിവാളിന്റെ ദില്ലിയിലെ ജനങ്ങളെ വഴിതെറ്റിക്കാനുള്ള നീക്കത്തിന്റെ അവസാനമാണെന്നും ബിജെപി വിമര്‍ശിച്ചു.