Sunday, May 19, 2024
keralaNewspolitics

അന്വേഷണ സംഘത്തിനെതിരെ വ്യാജ തെളിവുണ്ടാക്കി; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യത്തില്‍ ഇറങ്ങി അന്വേഷണ സംഘത്തിനെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്നും ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.മുഖ്യമന്ത്രിക്കും ചില പ്രമുഖര്‍ക്കും എതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ അന്വേഷണ സംഘം നിര്‍ബന്ധിക്കുന്നത് കേട്ടെന്ന പൊലീസ് ഉദ്യോഗസ്ഥയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത സാഹചര്യത്തിലാണു നീക്കം. നേരത്തേ ശിവശങ്കറിന് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് ഇടക്കാല ഉത്തരവുകളോ നിര്‍ദേശങ്ങളോ ഇല്ലാതെ വാദം കേള്‍ക്കുന്നതിനായി മാറ്റി വച്ചിരിക്കുകയാണ്.ഇഡിക്കെതിരെ ആരോപണങ്ങളും കേസുകളും വരുന്നതു പരിഗണിച്ചാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാരില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് സ്വാധീനം ചെലുത്തുന്നു എന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഇത് തടയുന്നതിന് ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കി ജയിലിലടയ്ക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. മൊഴി നല്‍കിയതില്‍ ഇഡി ഉദ്യോഗസ്ഥരുടെ സമ്മര്‍ദമില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞിട്ടുണ്ടെന്ന് ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ നിലപാടെടുത്തിട്ടുണ്ട്.