Thursday, May 16, 2024
NewsSportsworld

സ്വര്‍ണ്ണതിളക്കവുമായി മലയാളി താരം മുരളി ശ്രീശങ്കര്‍

ഗ്രീസ് : ഗ്രീസിലെ കലിത്തിയയില്‍ നടന്ന 12-ാമത് രാജ്യാന്തര ജമ്പിംഗ് മീറ്റില്‍ മലയാളി താരം മുരളി ശ്രീശങ്കറിന് സ്വര്‍ണ്ണം. 8.31 മീറ്റര്‍ ചാടിയാണ് ഇന്ത്യയുടെ പ്രീമിയര്‍ ലോങ്ജംപര്‍ മുരളി ശ്രീശങ്കര്‍ സ്വര്‍ണം നേടിയത്.

കഴിഞ്ഞ മാസം ടോക്കിയോവില്‍ 8.36 മീറ്റര്‍ ചാടിയാണ് മുരളി ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ശ്രീശങ്കറിന് പിന്നാലെ 8.27 മീറ്റര്‍ ചാടിയ സ്വീഡന്‍ താരം തോബിയാസ് മോണ്ട്‌ലര്‍ വെള്ളിയും 8.17 മീറ്റര്‍ ചാടി ഫ്രാന്‍സിന്റെ ജൂള്‍സ് പോമ്മറി വെങ്കലവും കരസ്ഥമാക്കി.

ആകെ മൂന്ന് ജമ്പര്‍മാര്‍ മാത്രമാണ് 8 മീറ്റര്‍ കടന്നത്. തന്റെ മികച്ച ആഭ്യന്തര പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ശ്രീശങ്കര്‍ മത്സരത്തിനിറങ്ങിയത്. അവിടെ തുടര്‍ച്ചയായി 8 മീറ്റര്‍ മറികടന്നിരുന്നു. തിരുവന്തപുരത്ത് നടന്ന സീസണ്‍ ഓപ്പണിംഗ് ഇന്ത്യന്‍ ഓപ്പണ്‍ ജംപ് മത്സരത്തില്‍ 8.14 മീറ്റര്‍ താണ്ടിയ മലയാളി ആത്ലറ്റ്,

കോഴിക്കോട് നടന്ന ഫെഡറേഷന്‍ കപ്പില്‍ 8.17 ചാടി സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യന്‍ കായികതാരങ്ങള്‍ യൂറോപ്പില്‍ പരിശീലനത്തിലും മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്.