Thursday, May 16, 2024
keralaNews

സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പരാതി നല്‍കി.

തിരുവനന്തപുരം: സ്വപ്നാ സുരേഷിനെതിരേ കെ.ടി. ജലീല്‍ എം.എല്‍.എ. പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. നുണപ്രചാരണം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്നും അദ്ദേഹം പരാതിയില്‍ ആരോപിച്ചു. ബി.ജെ.പിയുടെ പ്രേരണയില്‍ നടക്കുന്ന ഗൂഢാലോചനയ്ക്ക് യു.ഡി.എഫ്. ഇന്ധനം പകരുന്നതിന്റെ അര്‍ഥമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ജലീല്‍ മാധ്യമങ്ങളോടു പറഞ്ഞു.

സ്വപ്ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. രാവിലെ അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് സ്വപ്നയ്ക്കെതിരേയുള്ള പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്. വേദനാജനകവും രാഷ്ട്രീയ ദുരുദ്ദേശത്തോടെയുമുള്ള നുണപ്രചാരണമാണ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും വ്യക്തിപരമായി തനിക്കെതിരെയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന നടത്തിയിട്ടുള്ളതെന്ന് ജലീല്‍ പരാതിയില്‍ ആരോപിക്കുന്നു.