Monday, May 13, 2024
keralaNews

മലപ്പുറം തിരുനാവായയില്‍ സില്‍വര്‍ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

മലപ്പുറം: മലപ്പുറം തിരുനാവായയില്‍ സില്‍വര്‍ ലൈനെതിരെ നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ജനങ്ങള്‍ പാടത്ത് താമരപ്പൂവുമായാണ് പ്രതിഷേധിക്കുന്നത്. പദ്ധതിയില്‍ നിന്നും നാടിനെ സംരക്ഷിക്കുമെന്ന് കര്‍ഷകര്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു. താമരപ്പാടങ്ങള്‍ ധാരാളമുള്ളതും പാരിസ്ഥിതിക പ്രാധാന്യമുള്ളതുമായ മേഖലയാണിത്. അത് വ്യക്തമാക്കുന്ന സമരമാണ് സില്‍വര്‍ ലൈനെതിരെ നാട്ടുകാര്‍ നടത്തിയത്. താമര കര്‍ഷകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്.’കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്ന പ്രദേശമാണിത്. ചരിത്രമുറങ്ങുന്ന മണ്ണാണിത്, പുരാണമുറങ്ങുന്ന മണ്ണാണിത്. എല്ലാത്തിനും ഉപരി ഏറ്റവും കൂടുതല്‍ താമരവിരിയുന്ന മണ്ണാണിത്. നെല്‍പ്പാടങ്ങളോടൊപ്പം തന്നെ താമരപ്പൂവും ഇവിടെ വിരിയും. ഈ നെല്‍പ്പാടങ്ങളും താമരപ്പാടങ്ങളും നികത്തി സില്‍വര്‍ ലൈന്‍ വന്നാല്‍ പാടം നശിക്കുന്നത് മാത്രമല്ല ഇവിടെ വെള്ളപ്പൊക്കമുണ്ടാകും. കൂടാതെ തിരുനാവായയ്ക്ക് പ്രശസ്തി നല്‍കുന്ന താമരപ്പാടങ്ങളും ഇല്ലാതാകുമെന്ന് പ്രദേശവാസിയായ സി.ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

‘താമരയെന്ന് കേള്‍ക്കുമ്പോള്‍ പരിഹസിക്കുന്ന അംഗങ്ങളാണ് നിയമസഭയിലുള്ളത്. അവര്‍ക്ക് അത്രയെ അതിന്റെ പ്രാധാന്യമറിയൂ. താമരക്കായല്‍ എന്ന് അറിയപ്പെടുന്ന കേരളത്തില്‍ ഒറ്റപ്രദേശമേയുള്ളൂ. കെ-റെയില്‍ കേരളത്തിന്റെ വികസനം ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന് ബോദ്ധ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ കഴുത്ത് ഞെരിക്കുന്ന പദ്ധതിയാണ് കെ-റെയില്‍. താമരക്കായല്‍ സംരക്ഷിക്കണമെന്നും ഇവിടെ കെ-റെയില്‍ വരാന്‍ അനുവദിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.കെ-റെയിലിനെതിരെ മലപ്പുറം തിരുന്നാവായയില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നേരത്തെ സൗത്ത് പില്ലറില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥരുടെ യന്ത്രമടക്കം കൈവശപ്പെടുത്തി നാട്ടുകാര്‍ ഓടിച്ചുവിട്ടിരുന്നു. പിന്നാലെയാണ് വ്യത്യസ്ഥ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. എന്നാല്‍ പദ്ധതിയില്‍ നിന്നും ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.അതേസമയം ബിജെപിയുടെ കെ-റെയില്‍ വിരുദ്ധ പദയാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് മലപ്പുറത്ത് നിന്നും ലഭിച്ചത്. ഇന്നലെയാണ് ഇവിടെ പദയാത്ര അവസാനിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്താണ് പദയാത്ര നയിച്ചത്.