Saturday, May 18, 2024
keralaNewspolitics

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ സത്യസന്ധമായ അന്വേഷണം വേണം; കെ സുരേന്ദ്രന്‍

കോഴിക്കോട് : സ്വര്‍ണ്ണ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസ് സത്യസന്ധമായി കേസില്‍ അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചെന്ന് പറഞ്ഞ കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നും ആവശ്യപ്പെട്ടു. കേസിലെ പ്രധാന പ്രതി മുഖ്യമന്ത്രി ആണെന്നും സ്വപ്നയെ മാത്രം കുറ്റക്കാരിയാക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തല്‍ വളരെ ഗൗരവകരമാണെന്നും പോലീസ് സത്യസന്ധമായി കേസില്‍ അന്വേഷണം നടത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി തന്റെ സ്ഥാനം ഒഴിഞ്ഞുവേണം അന്വേഷണത്തെ നേരിടാന്‍.

സരിത്തിനെ തട്ടികൊണ്ട് പോയത് എന്തിനാണെന്നും സ്വപ്നയെ മുഖ്യമന്ത്രി തള്ളിപ്പറയാത്തത് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. മൊഴികള്‍ എല്ലാം പരിശോധിച്ച് അന്വേഷണം നടത്തും. മുഖ്യമന്ത്രിയും ഓഫീസും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര ഏജന്‍സികള്‍ കോടതയില്‍ പറഞ്ഞിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെയുള്ള കേസിനെ പറ്റി ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകരോട് താന്‍ അന്വേഷണം നേരിടുകയാണെന്നും ഒളിച്ചോടുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയെപോലെ താന്‍ ഗൂഢാലോചന സിദ്ധാന്തം പറയുന്നില്ല.

കേസ് നേരിടാനും തെറ്റ് ചെയതതായി തെളിഞ്ഞാല്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്നും പറഞ്ഞ സുരേന്ദ്രന്‍, മുഖ്യമന്ത്രി തന്റെ സ്ഥാനത്ത് നിന്നും മാറിനിന്നു കൊണ്ട് അന്വേഷണം നേരിടാന്‍ തയ്യാറുണ്ടോ എന്നും ചോദിച്ചു.