Monday, April 29, 2024
keralaNews

സ്‌ഫോടനം: കണ്‍വന്‍ഷന്‍ സെന്ററില്‍ ഉണ്ടായിരുന്ന ആളിന്റെ വീട്ടില്‍ മോഷണം

കൊച്ചി: കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്ന ആളിന്റെ വീട്ടില്‍ മോഷണം നടന്നു. കള്ളനെ പൊലീസ് പിടികൂടി. എളംകുളം ബോസ് നഗര്‍ പറയന്തറ ജോര്‍ജ് പ്രിന്‍സ് (36) ആണ് പിടിയിലായത്. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ കള്ളനും യഹോവയുടെ സാക്ഷിയാണെന്ന് പൊലീസ് പറയുന്നു. എറണാകുളം നോര്‍ത്ത് അയ്യപ്പന്‍ കാവിലെ തങ്കം ജെയിംസിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. 27.5 പവന്‍ സ്വര്‍ണം, രണ്ടര ലക്ഷം രൂപയുടെ ഡയമന്‍ഡ് ആഭരണം എന്നിവയാണ് കവര്‍ച്ച നടത്തിയത്. പ്രതിയുടെ പക്കല്‍ നിന്നും മോഷ്ടിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തുവെന്നാണ് വിവരം.  ഇന്നലെ രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രിന്‍സ് കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതില്‍ പൊളിച്ചു. വീടിനകത്ത് കയറിയ പ്രതി കിടപ്പുമുറിയിലെ അലമാരകള്‍ കുത്തിത്തുറന്നു. ഇവിടെ സൂക്ഷിച്ചിരുന്ന 27.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും ഇയാള്‍ മോഷ്ടിച്ചു. പ്രിന്‍സ് കവര്‍ന്ന ആഭരണങ്ങള്‍ക്ക് ഏതാണ്ട് 15 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറയുന്നു. മോഷണം നടക്കുമ്പോള്‍ തങ്കവും കുടുംബവും കളമശേരിയിലെ പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. മുന്‍ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് വിവരം. തങ്കം ജെയിംസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 24 മണിക്കൂറിനകം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.