Sunday, May 12, 2024
keralaNews

കോഴിക്കോട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് അരിക്കുളം ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം രാജീവന്റേതാണെന്ന് തിരിച്ചറിഞ്ഞു. പെയിന്റിങ് തൊഴിലാളിയായ രാജീവനെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഭാര്യയാണ് മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്. ശാസ്ത്രീയ പരിശോധനകള്‍ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ കുഴിവയല്‍ താഴെ പുതിയെടത്തു വീടിനു സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ ഞായറാഴ്ച രാവിലെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ആള്‍ത്താമസം അധികമില്ലാത്ത പ്രദേശമാണിത്. വലിയ തോതില്‍ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മറ്റു ശരീര ഭാഗങ്ങളും കണ്ടെത്തി. കാലുകള്‍ കണ്ടെത്തിയ സ്ഥലത്തിന് ഏതാനും മീറ്ററുകള്‍ അകലെ വയലിലാണ് അരയ്ക്ക് മുകളിലുള്ള ഭാഗങ്ങള്‍ കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം കണ്ടെത്തിയ ചെരിപ്പിന്റെ മണം പിടിച്ച് പൊലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്.ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറും ഇവിടേയ്ക്കു തിരിച്ചു.