Thursday, April 25, 2024
keralaLocal NewsNewsObituary

സഹാപാഠികളെ കണ്ണീരിലാഴ്ത്തി നന്ദനയുടെ വേര്‍പാട്

തുലാപ്പള്ളി:”എല്ലാം ഒക്കെയല്ല നാളെ കാണാ”മെന്ന് പറഞ്ഞ് തന്റെ ഫോണില്‍ നിന്നും നന്ദന അവസാനമായി കൂട്ടുകാര്‍ക്ക് അയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു.പ്ലസ് വണ്‍ ക്ലാസ്സ് അവസാനിക്കുന്ന നാളെ ഒത്തുചേര്‍ന്ന് സന്തോഷം പങ്കുവെയ്ക്കാനിരിക്കെയാണ് പ്രിയപ്പെട്ട കൂട്ടുകാരെ കണ്ണീരിലാഴ്ത്തി നന്ദനയുടെ വേര്‍പാട്. വെണ്‍കുറിഞ്ഞി ഹയര്‍സെക്കന്റെറി സ്‌കൂളിലെ സയന്‍സ് ബയോളജി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നന്ദനയുടെ വേര്‍പാട് ഏറെ വേദനിപ്പിച്ചുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജശ്രീ, നന്ദനയുടെ ക്ലാസ്സ് ടീച്ചര്‍ ജയലക്ഷ്മി ഡി എന്നിവര്‍ പറഞ്ഞു.ക്ലാസ്സില്‍ പഠിക്കുന്ന കാര്യത്തിലും, അച്ചടക്കത്തിലും, മിടുക്കിയായിരുന്നുവെന്നും ക്ലാസ്സ് ടീച്ചര്‍ കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു. ഇന്നും നടന്ന ഓണ്‍ലൈന്‍ ക്ലാസ്സില്‍ നന്ദന പങ്കെടുത്തതും ടീച്ചര്‍ ഓര്‍ക്കുന്നു.നാളെ നടക്കനുള്ള സയന്‍സ് ഗ്രൂപ്പിലെ ബയോളജി, കണക്ക് പ്ലസ്സ് വണ്‍ പരീക്ഷകള്‍ എഴുതാതെയാണ് നന്ദന തങ്ങളെ വിട്ട് പിരിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

ഇന്ന് വൈകുന്നേരം സഹോദരന്‍ നിധിനും ബന്ധുകള്‍ക്കളുടെയും കൂടെയാണ് നാറാണംതോട് അമ്പലപ്പറമ്പില്‍വിനോദ് -പ്രീതി ദമ്പതികളുടെ മകള്‍ നന്ദന (17) പമ്പയാറ്റില്‍ കുളിക്കാന്‍ എത്തിയത്.ഒപ്പം കുളിക്കാനെത്തിയ നന്ദനയുടെ സഹോദരന്‍ നിധിന്‍,തടത്തേല്‍ യശോധരന്റെ മക്കളായ മായ,അശ്വതി, മരുമകനും പോലീസ് ഉദ്യോഗസ്ഥനുമായ പ്രവീണ്‍ എന്നിവരെയാണ് നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തിയത്.ഇന്ന് വൈകുന്നേരം നാല് മണിയോടെ തുലാപ്പള്ളി ആലപ്പാട്ട് ജംഗ്ഷനിലുള്ള പാപ്പിക്കയത്തില്‍ അപകടം ഉണ്ടായത്. കഴിഞ്ഞ പ്രളയകാലത്ത് ഒഴുകിയെത്തിയ മണല്‍തിട്ട ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.അഞ്ചുപേരും കുളിച്ചു കൊണ്ടിരിക്കെ മണ്‍തിട്ട ഇടിഞ്ഞു വീഴുകയും ഇവര്‍ ഒഴുക്കില്‍ പെടുകയും ആയിരുന്നു.അപകടം നടന്ന സ്ഥലത്തിന് താഴെ നിന്നും കുളികഴിഞ്ഞ് വരികയായിരുന്ന ഇവരുടെ ബന്ധു രവിയാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയത്.നന്ദനയുടെ അമ്മ പ്രീതി വിദേശത്താണ്.നന്ദനയുടെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലാണ്.