Thursday, April 25, 2024
keralaNews

കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി.

എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു. ഇഡി അന്വേഷണം താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ചന്ദ്രിക കേസില്‍ താനല്ല പരാതിക്കാരനെന്നും ജലീല്‍ പറഞ്ഞു. പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരും. ലീഗ് നേതാക്കള്‍ക്ക് എന്തും ആശിക്കാം. ഏആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് കാരാത്തോട്ട് തുടങ്ങുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.അതേസമയം ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ തെളിവുകള്‍ കൈമാറാന്‍ ജലീല്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും. ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നത്. കേസില്‍ ഏഴ് തെളിവുകള്‍ നല്‍കുമെന്നും ജലീല്‍ പറഞ്ഞു. ജലീലിന്റെ ഇഡി അനുകൂല നിലപാടില്‍ സിപിഎമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. ജലീല്‍ ഏറ്റെടുത്ത് ഉന്നയിച്ചത് എആര്‍ നഗര്‍ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ റിപ്പോര്‍ട്ടാണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സിപിഎം. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ പാര്‍ട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്റെ നീക്കങ്ങള്‍ ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ പരസ്യമായ പരിഹാസം.