Thursday, May 16, 2024
keralaNews

പാലക്കാടിന് പോയി കാണാതായ വനിത സിഐയെ കണ്ടെത്തി

തിരുവനന്തപുരം: പാലക്കാടിന് പോയി കാണാതായ വനിത സിഐയെ രണ്ട് ദിവസത്തിന് ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. വയനാട് പനമരം സിഐ എലിസബത്തിനെയാണ് തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഇന്ന് കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം തുടങ്ങി. ഈ മാസം പത്താം തീയതി തിങ്കളാഴ്ച വൈകിട്ടാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാകാന്‍ പോയ സിഐ എലിസബത്തിനെ കാണാതാകുന്നത്. എലിസബത്ത് തൊഴിലിടത്തില്‍ സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന. എലിസബത്ത്  ഉപയോഗിച്ചിരുന്ന രണ്ട് നമ്പറുകളും സ്വിച്ച് ഓഫായ നിലയിലായിരുന്നു. പാലക്കാടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ എലിസബത്ത് കയറിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത് നിര്‍ണായകമായി. എന്നാല്‍, സിഐ കോടതിയില്‍ എത്തിയില്ല. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം തുടങ്ങുന്നതിനിടയിലാണ് എലിസബത്ത് തിരുവനന്തപുരത്തുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. കമ്പളക്കാട് സിഐയും സംഘവും പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. തിരുവനന്തപുരത്തുള്ള റിട്ട. സിഐയായ വനിതാ സുഹൃത്തിന്റെ വീട്ടിലായിരുന്നു എലിസബത്ത് ഉണ്ടായിരുന്നത്. തുടര്‍ന്ന് പൊലീസ് എത്തി മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കി എലിബസത്തിനെ വയനാട്ടിലേക്ക് കൊണ്ടുവരും.പാലക്കാട്ടേക്ക് യാത്ര തുടങ്ങിയ സിഐ എങ്ങനെ തിരുവനന്തപുരത്ത് എത്തി എന്ന് പൊലീസ് അന്വേഷിക്കും. എലിസബത്ത് മേലുദ്യോഗസ്ഥരില്‍ നിന്നും ജോലി സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് ബന്ധുക്കള്‍ സൂചന നല്‍കുന്നുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ആര്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. 54 വയസ് പ്രായമുള്ള എലിസബത്തിന് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് പാലക്കാട് ആലത്തൂര്‍ സ്റ്റേഷനിലെ സി ഐയായിരുന്നു എലിസബത്ത്.