Tuesday, May 14, 2024
keralaNewspolitics

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററില്‍

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ ചേരും. പാലാ ബിഷപ്പിന്റെ പ്രസ്താവനയും തുടര്‍ന്നുള്ള വിദ്വേഷ പ്രചാരണങ്ങളും വിവാദമായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചേക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കള്‍ സിപിഎമ്മിലേക്ക് വരുന്ന സാഹചര്യത്തില്‍ ഇവരെ ഏത് നിലയില്‍ ഒപ്പം നിര്‍ത്തണം എന്നതിലും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടക്കും.

കോണ്‍ഗ്രസ് വിട്ട് വരുന്ന നേതാക്കള്‍ക്കടക്കം മികച്ച സ്ഥാനങ്ങള്‍ നല്‍കി കൂടുതല്‍ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചര്‍ച്ചകള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടര്‍ന്നുള്ള സിപിഐ-കേരള കോണ്‍ഗ്രസ് തര്‍ക്കം ഇടതുമുന്നണിക്ക് തലവേദനയാകുന്ന സാഹചര്യവും സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്‌തേക്കും. തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ഇതുവരെ ജില്ലാ കമ്മിറ്റികളില്‍ കൈക്കൊണ്ട നടപടികള്‍, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കള്‍ റിപ്പോര്‍ട്ട് ചെയ്യും. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് വീഴ്ചകളില്‍ ജി സുധാകരനെതിരായ കണ്ടെത്തലുകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുവരെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല.