Saturday, April 20, 2024
keralaNews

മുന്‍ മന്ത്രി ജി. സുധാകരനെ പരസ്യ ശാസനം

തിരുവനന്തപുരം:അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന പരാതികളില്‍ മുന്‍ മന്ത്രിയും സിപിഎമ്മിന്റെ നേതാക്കളില്‍ പ്രമുഖനുമായ ജി സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥി എച്ച് സലാമിന് പിന്തുണ നല്‍കിയില്ലെന്നാണ് ജി സുധാകരനെതിരായ പ്രധാന പരാതി.അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ന്ന പരാതികളില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജി.സുധാകരന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന കണ്ടെത്തലുണ്ട്. ഇതേ തുടര്‍ന്നാണ് ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
എന്നാല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും സുധാകരന്റെ നിഷേധ സ്വഭാവം പ്രചാരണത്തില്‍ പ്രതിഫലിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സുധാകരനെതിരെ പരാതി ഉന്നയിച്ച എച്ച് സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളുണ്ട്. സിപിഎമ്മിന്റെ അച്ചടക്ക നടപടികളില്‍ താഴേത്തലത്തില്‍ നിന്നും മൂന്നാമത്തെ ശിക്ഷാ നടപടിയാണ് പരസ്യ ശാസന. താക്കീത്, ശാസന, പരസ്യ ശാസന, ചുമതലയില്‍ നിന്ന് നീക്കല്‍ തുടങ്ങിയ നടപടികളാണ് സിപിഎം ശിക്ഷാ നടപടികളിലെ ക്രമം.