Thursday, May 16, 2024
indiaNewspolitics

സിഎഎ; മുസ്ലീം കുടിയേറ്റക്കാര്‍ക്ക് നിയമപ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഭാരതത്തിലെ മുസ്ലീങ്ങള്‍ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ലെന്ന് അടിവരയിട്ട് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. ഭാരതത്തിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്നും മുസ്ലീങ്ങളുടെ പൗരത്വത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. രാജ്യത്തെ 18 കോടി വരുന്ന മുസ്ലീങ്ങള്‍ക്ക് മറ്റ് മതത്തിലുള്ളവരെ പോലെ തന്നെ തത്തുല്യമായ അവകാശങ്ങളുണ്ടെന്നും പൗരത്വം തെളിയിക്കുന്നതിനായി അവരോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സിഎഎ 2024 പ്രാബല്യത്തില്‍ വന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.വിദ്വേഷം, അക്രമം, പീഡനം എന്നിവയൊന്നും തന്നെ പ്രോത്സാഹിപ്പിക്കാത്ത സമാധാനപരമായ മതമാണ് ഇസ്ലാം എന്നിരിക്കിലും ചില മുസ്ലീം രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനാനുഭവങ്ങള്‍ കാരണം ഇസ്ലാമിന്റെ പേര് പോലും മോശമായി ചിത്രീകരിക്കപ്പെടുകയാണ്. പീഡിതരായവര്‍ക്ക് സമാശ്വാസമാകുന്നതിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത് ഇസ്ലാമെന്ന മതത്തെ പീഡനത്തിന്റെ പേരില്‍ കളങ്കപ്പെടുത്തുന്നതില്‍ നിന്നും സംരക്ഷിക്കും.” ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

സിഎഎ എന്നാല്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന തരത്തില്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചുവിടുന്നതിന് ഉതകുന്ന യാതൊരു കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് വേണ്ടിയല്ല പൗരത്വ നിയമം. അതിനാല്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാ?ഗമായ മുസ്ലീങ്ങള്‍ക്ക് എതിരാണ് സിഎഎ എന്ന വിധത്തില്‍ ആശങ്ക ജനിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്തതാണ്.അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ ഇസ്ലാമിക രാജ്യങ്ങളില്‍ മതപരമായ ആചാരങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ട ഒരു മുസ്ലീമിനും ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കുന്നതില്‍ നിന്നും സിഎഎ നിയമം തടസമാകില്ല.

Naturalization  നിയമങ്ങള്‍ സിഎഎ റദ്ദാക്കുന്നില്ല. അതിനാല്‍, വിദേശരാജ്യത്ത് നിന്നും ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ മുസ്ലീം കുടിയേറ്റക്കാര്‍ ഉള്‍പ്പടെയുള്ള ഏതൊരു വ്യക്തിക്കും, ഇന്ത്യന്‍ പൗരനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിലവിലുള്ള നിയമങ്ങള്‍ പ്രകാരം പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ആരുടെയെങ്കിലും പൗരത്വം കവര്‍ന്നെടുക്കാന്‍ സിഎഎയില്‍ വ്യവസ്ഥയില്ലെന്ന് താന്‍ ഉറപ്പുനല്‍കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു.