Wednesday, May 15, 2024
keralaNews

ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കും…

കൊച്ചി:ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുമെന്ന് ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചു. ഇതോടെ കുര്‍ബാന പരിഷ്‌കരണത്തെ ചൊല്ലി എറണാകുളം അങ്കമാലി അതിരൂപതയിലുണ്ടായ തര്‍ക്കം അവസാനിക്കുകയാണ്.ഡിസംബര്‍ 25 മുതല്‍ പുതിയ കുര്‍ബാനയിലേക്ക് മാറാനുള്ള ഒരുക്കം നടത്താനാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപത വൈദികര്‍ക്ക് ബിഷപ്പ് സര്‍ക്കുലര്‍ നല്‍കി. എന്നാല്‍ ഇതോടെ ഈസ്റ്ററിന് മുന്‍പ് പുതിയ കുര്‍ബാന നടപ്പാക്കണമെന്ന മാര്‍പാപ്പയുടെ നിര്‍ദ്ദേശം നടപ്പാവില്ലെന്നുറപ്പായി. ആവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്നും അതിനാല്‍ പുതിയ കുര്‍ബാന ക്രമം നടപ്പാക്കുന്നത് വൈകുമെന്നുമാണ് ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സിനഡ് യോഗമാണ് സിറോ മലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ തീരുമാനിച്ചത്. 2021 ലെ ഈസ്റ്റര്‍ മുതല്‍ പരിഷ്‌കരിച്ച ആരാധനാക്രമം നടപ്പാക്കാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ തീരുമാനം അംഗീകരിച്ചില്ല. വര്‍ഷങ്ങളായി തുടരുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്നായിരുന്നു ആവശ്യം. കര്‍ദ്ദിനാളിന്റെ നിര്‍ദ്ദേശം തള്ളി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് മാത്രമായി മെത്രാപോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ പ്രത്യേക ഇളവ് നല്‍കി. അനിശ്ചതകാലത്തേക്ക് നല്‍കിയ ഈ ഇളവാണ് ആര്‍ച്ച് ബിഷപ് പിന്‍വലിച്ചത്.

മാര്‍പ്പാപ്പയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ആന്റണി കരിയിലിന്റെ പുതിയ നടപടി. പുതിയ കുര്‍ബാനയ്ക്ക് ഒരുക്കങ്ങള്‍ നടത്താന്‍ സമയം വേണ്ടതിനാല്‍ ഈസ്റ്ററിന് മുന്‍പ് തീരുമാനം നടപ്പാക്കാന്‍ കഴിയില്ലെന്നും സര്‍ക്കുലറിലുണ്ട്. മാത്രമല്ല ഇക്കാര്യം വൈദികരെയും അല്‍മായരെയും ബോധ്യപ്പെടുത്താന്‍ സാവകാശം വേണ്ടിവരുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ആര്‍ച്ച് ബിഷപ്പിന്റെ നടപടി അംഗീകരിക്കുന്നതായി പ്രതിഷേധം ഉയര്‍ത്തിയ വൈദികര്‍ അറിയിച്ചു.സിനഡ് ഏകപക്ഷീയമായി എടുത്ത തീരുമാനത്തെയാണ് എതിര്‍ത്തതെന്നും അനീതിക്കെതിരെ ഇനിയും ചെറുത്തുനില്‍പ്പ് ഉണ്ടാകുമെന്നും വൈദികര്‍ വ്യക്തമാക്കി.