Wednesday, May 15, 2024
indiaNewsObituary

സാമൂഹിക പ്രവര്‍ത്തക സിന്ധുതായി സപ്കല്‍ ഇനി ഓര്‍മ

പുനെ: സാമൂഹിക പ്രവര്‍ത്തക സിന്ധുതായി സപ്കല്‍ ഇനി ഓര്‍മ. ഇന്നലെ രാത്രി പൂനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ആയിരത്തി അഞ്ഞൂറിലേറ കുഞ്ഞുങ്ങള്‍ക്കാണ് 40 വര്‍ഷത്തിനിടെ സിന്ധുതായ് സ്വയം അമ്മയായി മാറിയത്.

കുഞ്ഞുങ്ങളോടൊപ്പം പുഞ്ചിരിതൂകി നില്‍ക്കുന്ന അമ്മ. സിന്ധുതായുടെ മുഖം ഇങ്ങനെയാണ് നമ്മുടെയെല്ലാം മനസില്‍ പതിഞ്ഞ് പോയിട്ടുണ്ടാവുക. അഞ്ച് ബാലമന്ദിരങ്ങളിലായി അമ്മയുടെ സ്‌നേഹത്തണലില്‍ വളര്‍ന്നത് ആയിരത്തിലേറെ മക്കള്‍. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത് കഴിഞ്ഞ വര്‍ഷം. വലിയൊരു യാത്രയുടെ ഒരറ്റം മാത്രമാണിത്. അതിജീവനമെന്ന വാക്ക് പോലും മതിയാവാത്തവിധമൊരു വലിയ ജീവിതമാണ് വന്ന വഴി.

വര്‍ധയിലെ ദരിദ്രകുടുംബത്തില്‍ ജനിച്ചതാണ്. പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടും പത്താം വയസില്‍ കെട്ടിച്ച് വിട്ടു. 20 വയസിന് മുതിര്‍ന്നയാളുമായി. നാലാമത്തെ കുഞ്ഞിനായി ഒമ്പത് മാസം ഗര്‍ഭിണിയായ വേളയില്‍ ഭര്‍ത്താവ് വീട്ടില്‍ നിന്നും ആട്ടിയിറക്കി. നാട്ടില്‍ പണക്കാര്‍ നടത്തിവന്ന അനീതിക്കെതിരെ പ്രതികരിച്ചതായിരുന്നു കുറ്റം. കാലിത്തൊഴിത്തില്‍ കിടന്ന് പ്രസവിച്ചു.

കല്ലുകൊണ്ടടിച്ച് പൊക്കിള്‍കൊടി മുറിച്ചു. സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും സ്വന്തം അമ്മപോലും വാതില്‍ കൊട്ടിയടക്കം. ഒരുമ്പിട്ടിറങ്ങിയവളെന്ന് വിളിപ്പേരായി. തെരുവില്‍ പിച്ച തെണ്ടി. രാത്രി ശ്മശാനത്തില്‍ അന്തിയുറങ്ങി.അന്ത്യ കര്‍മ്മങ്ങള്‍ കഴിഞ്ഞ നിലത്ത് ചിതറിയ അരിമണി വിശപ്പ് മാറ്റി. തെരുവില്‍ തന്നെ പോലെ ആരുമില്ലാതായ മക്കളെയെല്ലാം പിന്നെ ഒപ്പം കൂട്ടി. അവര്‍ക്കെല്ലാം അമ്മയായി. മായി എന്നവര്‍ സ്‌നേഹത്തോടെ വിളിച്ചു.