Monday, May 6, 2024
indiakeralaNews

സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് കോടതി ഉത്തരവുകളെ മറികടക്കരുത് : ഹൈക്കോടതി

കൊച്ചി: നോട്ടീസ് നല്‍കാതെ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട സര്‍വേക്ക് ആളുകളുടെ വീട്ടില്‍ കയറാന്‍ എങ്ങനെ സാധിക്കുമെന്ന് ഹൈക്കോടതി.                     

സര്‍ക്കാര്‍ ഉത്തരവുകള്‍ കൊണ്ട് കോടതി ഉത്തരവുകള്‍ മറികടക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
ആളുകളുടെ വീട്ടില്‍ ഒരു ദിവസം കയറി കല്ല് ഇട്ടാല്‍ അവര്‍ ഭയന്ന് പോകില്ലേ എന്നും കോടതി ചോദിച്ചു.കോടതിയുടെ ആശങ്കകള്‍ക്ക് നിങ്ങള്‍ എന്തിന് മറുപടി നല്‍കുന്നില്ല.

സര്‍ക്കാര്‍ ആദ്യം അതിനു മറുപടി പറയണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.നിയമ പരമായി സര്‍വേ നടത്തി കാര്യങ്ങളില്‍ മുന്നോട്ട് പോകണമെന്നുമാണ് കോടതി ആഗ്രഹിക്കുന്നത്.

ഇത്രയും വലിയ പദ്ധതി ആളുകളെ ഭീഷണിപ്പെടുത്തി ചെയ്യാന്‍ പാടില്ല എന്നാണ് കോടതി പറഞ്ഞത്. കോടതി സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്യാനാണ് ശ്രമിക്കുന്നത് പക്ഷേ സര്‍ക്കാര്‍ കോടതിയെ എതിരായി കാണുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ഭൂമി ഏറ്റെടുക്കാന്‍ വേണ്ടിയല്ല ഇപ്പോഴത്തെ സര്‍വേ എന്നാണല്ലോ സര്‍ക്കാര്‍ പറയുന്നത് . ആ സ്ഥിതിക്ക് സര്‍വേയുമായി സര്‍ക്കാര്‍ മുന്‍പോട്ടു പോകട്ടെ.എന്ത് സംഭവിക്കുമെന്ന് നോക്കാം. ബാങ്കില്‍ ഈ ഭൂമി പണയം വെക്കാമോ എന്ന് സര്‍ക്കാര്‍ പറയണം.

ഇതില്‍ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കെ റെയിലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിയാണെന്ന് ഹൈക്കോടതി പറഞ്ഞു. സില്‍വര്‍ ലൈന്‍ കേരളത്തിലെ മാത്രം പദ്ധതിയാണെന്ന് പറയാനാകില്ല.

അതുകൊണ്ടാണ് ബൃഹത് പദ്ധതി എന്ന നിലയില്‍ സുപ്രീം കോടതി ഉത്തരവ് വന്നത്. സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിഷയത്തതില്‍ ഇടപെടുന്നില്ലെന്നും സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കെേവ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു