Wednesday, May 15, 2024
keralaNewspolitics

സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

തിരുവനന്തപുരം:  സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.  സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീട് കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.   കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ചാണ് നീക്കിയത്. രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യപേക്ഷയില്‍ ഉച്ചയ്ക്ക് ശേഷം കോടതി വിധി പറയും.
പാലക്കാട് ടൗണ്‍ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഇപ്പോള്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. പത്തനംതിട്ടയിലും മലപ്പുറത്തും കൊല്ലത്തും തൃശ്ശൂരിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പത്തനംതിട്ട അടൂരില്‍ ആന്റോ ആന്റണി എംപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം, കൊല്ലം ചന്ദനത്തോപ്പിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. മലപ്പുറത്ത് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഇവിടെ ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിനെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടരുകയാണ്.