Thursday, May 16, 2024
keralaNewspolitics

സംസ്ഥാന ബജറ്റില്‍ റബര്‍ കര്‍ഷകരെ വഞ്ചിച്ചു : അഡ്വ. ടോമി കല്ലാനി

താങ്ങുവില ഉയര്‍ത്താതെ കര്‍ഷകരെ പറ്റിച്ചത് വെല്ലുവിളിയാണെന്നും കല്ലാനി

കോട്ടയം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കര്‍ഷകര്‍ക്ക് നിരാശമാത്രം സമ്മാനിക്കുന്നതാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടോമി കല്ലാനി. റബര്‍ കര്‍ഷകരെ ബജറ്റ് പാടേ തഴഞ്ഞു. റബറിന്റെ താങ്ങുവിലയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. അവര്‍ക്ക് ഇത്രയധികം ആഘാതമുണ്ടാക്കിയ ഒരു ബജറ്റ് പ്രസംഗം ഇതിനു മുമ്പു ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

റബര്‍ കര്‍ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് വിലസ്ഥിരതാ ഫണ്ടിന്റെ ഭാഗമായ താങ്ങുവില വര്‍ധനവുണ്ടാകുമെന്ന് കാത്തിരുന്നത്. എന്നാല്‍ ഒരു രൂപ പോലും വര്‍ധിപ്പിക്കാതെ കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു. കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരോടുള്ള ഈ അവഗണന അംഗീകരിക്കാനാവില്ല. നിലവില്‍ റബര്‍ മേഖലയെപറ്റി ബജറ്റിലെ ആകെയുള്ള പരാമര്‍ശം സബ്സിഡി കുടിശിക നല്‍കാന്‍ 50 കോടി രൂപ നല്‍കുമെന്നതു മാത്രമാണ്.

ഇപ്പോഴുള്ള കുടിശിക കൊടുത്തു തീര്‍ക്കാന്‍ ഈ തുക പര്യാപ്തമാണോയെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കണം. കുടിശിക മാത്രം നല്‍കിയാല്‍ വരും നാളുകളില്‍ വീണ്ടും റബര്‍ കച്ചവടക്കാര്‍ക്ക് നല്‍കി പണത്തിനായി കാത്തിരിക്കേണ്ട ഗതികേടിലേക്ക് പാവം കര്‍ഷകരെ തള്ളിവിടുകയാണ് ബജറ്റിലൂടെ നടപ്പായതെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.