Monday, May 13, 2024
keralaNews

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനകം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നിനകം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ ഒന്നുമുതല്‍ തെക്ക്-പടിഞ്ഞാറന്‍ കാറ്റ് കൂടുതല്‍ ശക്തമാകും. ഇതിന്റെ ഭാഗമായി കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. 15 വര്‍ഷത്തിനിടെ 2015ല്‍ ഒഴികെ എല്ലാ വര്‍ഷവും കാലവര്‍ഷ പ്രവചനം ശരിയായിരുന്നു.മെയ് 31ഓടെ കാലവര്‍ഷം തുടങ്ങുമെന്നായിരുന്നു ആദ്യം പ്രവചിച്ചിരുന്നത്. മൂന്ന് മുതല്‍ നാല് ദിവസം വരെ ഇതില്‍ മാറ്റം വന്നേക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍, തെക്ക്-പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നുമുതല്‍ ശക്തി പ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഇതേത്തുടര്‍ന്ന് അടുത്ത അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 31: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

ജൂണ്‍ 01: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍

ജൂണ്‍ 02: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ജൂണ്‍ 03: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

ഇന്നുമുതല്‍ ജൂണ്‍ ഒന്നുവരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.