Thursday, May 16, 2024
keralaNews

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരും.

സംസ്ഥാനത്ത് ഈ മാസം 17 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പും നല്‍കി. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.അറബിക്കടലില്‍ നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം, ശനിയാഴ്ചയോടെ കേരളത്തിന് സമാന്തരമായി സഞ്ചരിച്ച് ലക്ഷദ്വീപിന് സമീപം തീവ്ര ന്യൂന മര്‍ദ്ദമായി മാറും. കൂടുതല്‍ ശക്തി പ്രാപിച്ച് ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നത്.

ഇടിമിന്നലോടുകൂടിയ മഴക്കുള്ള സാധ്യതയാണുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച ആറ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 50 കിലോമീറ്റല്‍ വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ദമായി തുടരും. ഈ സാഹചര്യത്തില്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയ്ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ജില്ലാ ഭരണകൂടങ്ങള്‍ക്കും കെഎസ്ഇബിക്കും വേണ്ട മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശവും നല്‍കി.