Tuesday, May 14, 2024
keralaNewspolitics

സംസ്ഥാനത്ത് ഇന്ന് 98 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; ഏറ്റവും കൂടുതല്‍ പാലക്കാട്ട്

സംസ്ഥാനത്ത് ഇന്ന് 98 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ആദ്യ ദിനമായിരുന്നു ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. ടി ജലീല്‍ സിപിഎം നേതാവ് കെ എന്‍ ബാലഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചു. ഏറ്റവുമധികം പേര്‍ പത്രിക നല്‍കിയത് പാലക്കാട് ജില്ലയിലാണ്. അവിടെ 30 പേരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്. ജില്ലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെല്ലാം ഇന്ന് പത്രിക സമര്‍പ്പിച്ചു. കണ്ണൂര്‍- അഞ്ച്, വയനാട്- ഒന്ന്, കോഴിക്കോട്- ഒന്ന്, മലപ്പുറം- രണ്ട്, പാലക്കാട്- 30, തൃശൂര്‍- ഏഴ്, എറണാകുളം- 11, കോട്ടയം- 12, ആലപ്പുഴ- അഞ്ച്, പത്തനംതിട്ട- നാല്, കൊല്ലം- എട്ട്, തിരുവനന്തപുരം- 12 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ ഇന്ന് പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം. കേരളത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ യുഡിഎഫിനേക്കാളും ബിജെപിയേക്കാള്‍ ഒരു പടി മുന്നിലായിരുന്നു എല്‍ഡിഎഫ്. അതുകൊണ്ടുതന്നെ പ്രചരണത്തില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് നേതാക്കളില്‍ പ്രമുഖരും ഇന്നാണ് പത്രിക സമര്‍പ്പണം നടത്തിയത്. കണ്ണൂരിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ 11 മണിയോടെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ മുമ്ബാകെയാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പിച്ചത്. സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍നിന്ന് ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍ ഉള്‍പ്പടെയുള്ള എല്‍ ഡി എഫ് നേതാക്കള്‍ക്കൊപ്പമാണ് പിണറായി വിജയന്‍ പത്രികാ സമര്‍പ്പണത്തിന് എത്തിയത്. കോവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ പത്രികാസമര്‍പ്പണം നടന്നത്. അതിനിടെ തമിഴ്‌നാട്ടില്‍ നിരീശ്വരവാദികളായ സ്ഥാനാര്‍ഥികള്‍ ശുഭമുഹൂര്‍ത്തം നോക്കി പത്രിക സമര്‍പ്പിച്ചത് ശ്രദ്ധേയമായി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായിരുന്ന എം. കരുണനിധി നിരീശ്വരവാദത്തില്‍ മുറുകെ പിടിച്ച രാഷ്ട്രീയ നേതാവായിരുന്നു. ശ്രീരാമനെയും രാമായണത്തിന്റെ രചയിതാവായ വാല്‍മീകിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എം. കെ സ്റ്റാലിനും. തമിഴ്‌നാട് രാഷ്ട്രീയത്തിലെ സമകാലീന നേതാക്കളില്‍ അറിയപ്പെടുന്ന നിരീശ്വരവാദിയാണ് എം. കെ സ്റ്റാലിന്‍. എന്നാല്‍ അദ്ദേഹത്തിന്റെ തത്വചിന്തയ്ക്ക് വിരുദ്ധമായ കാര്യമാണ് ഇന്ന് സംഭവിച്ചത്. തമിഴ്‌നാട് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്റ്റാലിന്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് ശുഭ മുഹൂര്‍ത്തത്തിലാണ്.
യമകണ്ഡവും രാഹുവും ഒഴിവാക്കി ഉച്ചയ്ക്കു 12.30ന് ശേഷമാണ് സ്റ്റാലിന്‍ പത്രിക സമര്‍പ്പണം നടത്തിയത്. നല്ല കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഏറെ അനുയോജ്യമായ ദിവസമാണ് ഇന്ന്. ഈ ദിനത്തില്‍ തന്നെ ശുഭകരമായ മുഹൂര്‍ത്തത്തിലാണ് സ്റ്റാലിന്‍ പത്രിക നല്‍കിയത്. കരുണാനിധിയുടെ ചെറുമകനും നിരീശ്വരവാദം പിന്തുടരുന്നയാളുമായ ഉദയനിധി സ്റ്റാലിന്റെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു. അദ്ദേഹം ഉച്ചയ്ക്ക് 1:47 ന് ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. യമകണ്ഡവും രാഹുകാലവും ഒഴിവാക്കി ആയിരുന്നു ഇത്. ചലച്ചിത്രതാരവും രാഷ്ട്രീയ നേതാവുമായ കമലഹാസനാണ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മറ്റൊരു പ്രമുഖന്‍. ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കമല്‍ഹാസന്‍ ചെറുപ്പത്തില്‍ വിശ്വാസത്തെ മുറുകെ പിടിച്ചിരുന്നയാളാണ്. മന്ത്രങ്ങള്‍ ഉരുവിട്ടിരുന്ന ബാല്യകാലമായിരുന്നു കമലിന്റേത്. എന്നാല്‍ കൌമാരത്തിലേക്ക് കടന്നതോടെ കമലും നിരീശ്വരവാദിയായി മാറി. പില്‍ക്കാലത്ത് ഭൌതികവാദം മുറുകെ പിടിച്ച കമലും ഇന്ന് പത്രിക സമര്‍പ്പിച്ചത് ശുഭ മുഹൂര്‍ത്തത്തിലാണ്. കോയമ്ബത്തൂരില്‍ മത്സരിക്കുന്ന കമല്‍ഹാസന്‍ ഉച്ചയ്ക്ക് 2.20നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. അതായത് യമകണ്ഡകാലവും രാഹുകാലവും ഒഴിവാക്കിയായിരുന്നു കമലന്റെ പത്രികാ സമര്‍പ്പണം നടന്നത്.