Thursday, May 16, 2024
keralaNews

സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ ബുധനാഴ്ച വരെ റെഡ് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.വ്യാഴാഴ്ച എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലും റെഡ് അലര്‍ട്ട് തുടരുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. തിരുവനന്തപുരം ജില്ലയില്‍ പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു.

കൊല്ലം അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. തെങ്കാശി കുറ്റാലം വെള്ളച്ചാട്ടവും താത്കാലികമായി അടച്ചിരിക്കുകയാണ്. പത്തനംതിട്ട സീതത്തോട് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്‌പോസ്റ്റ് വഴിയുള്ള ഗവി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.