Tuesday, May 21, 2024
educationindiaNews

ഷോര്‍ട്ട്‌സിട്ട് വന്നാല്‍ പരീക്ഷ എഴുതിക്കില്ല; ഒടുവില്‍ കര്‍ട്ടനുടുത്ത് പരീക്ഷാ ഹാളില്‍ വിദ്യാര്‍ഥിനി

ഷോര്‍ട്ട്‌സ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ 19കാരിയെ പരീക്ഷാ ഹാളില്‍ കയറ്റാതെ തടഞ്ഞുവെന്ന് ആരോപണം. അസമിലെ തേസ്പൂരിലാണ് സംഭവം. മാന്യമായ വസ്ത്രം ധരിച്ചെങ്കില്‍ മാത്രമേ പരീക്ഷാ ഹാളില്‍ കയറ്റൂ എന്ന് അധികൃതര്‍ പറഞ്ഞതായി വിദ്യാര്‍ഥിനി ആരോപിക്കുന്നു. ഒടുവില്‍ ഷോര്‍ട്ട്‌സിന് മുകളില്‍ കര്‍ട്ടന്‍ ഉടുത്താണ് പരീക്ഷയെഴുതിയത്. അസം കാര്‍ഷിക സര്‍വകലാശാലയിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ എഴുതാനെത്തിയതായിരുന്നു വിദ്യാര്‍ഥിനി. ‘പരീക്ഷയ്ക്ക് ആവശ്യമായ ഹാള്‍ടിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ ഇവയെല്ലാം എന്റെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ നടക്കുന്ന മുറിയിലേക്ക് കയറാന്‍ എന്നെ അനുവദിച്ചില്ല.

കാര്യം ചോദിച്ചപ്പോള്‍ ഷോര്‍ട്ട്‌സ് പോലുമുള്ള ചെറിയ വസ്ത്രം ധരിച്ച് ഹാളില്‍ പ്രവേശനമില്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഒരു നിര്‍ദേശം ഹാള്‍ ടിക്കറ്റില്‍ ഇല്ലായിരുന്നു. എന്താണ് ഷോര്‍ട്‌സിന്റെ പ്രശ്‌നമെന്ന് ഞാന്‍ ചോദിച്ചു. പക്ഷേ അതിന് അവര്‍ക്ക് മറുപടി ഇല്ല. അവര്‍ നിലപാടില്‍ ഉറച്ചുനിന്നു. ഒടുവില്‍ പാന്റ് വാങ്ങാന്‍ ഞാന്‍ അച്ഛനെ പറഞ്ഞുവിട്ടു. അച്ഛന്‍ മടങ്ങി വരുന്നത് വരെ കര്‍ട്ടന്‍ ഉടുത്താണ് ഞാന്‍ പരീക്ഷ എഴുതിയത്.’ പെണ്‍കുട്ടി പറയുന്നു.