Friday, April 19, 2024
keralaNewspolitics

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെയ്ക്കാനുളള തുക കൈമാറിയത് ഓര്‍ത്തോഡോക്സ് ഭദ്രാസന

കൊച്ചി: തൃക്കാക്കരയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന് കെട്ടിവെയ്ക്കാനുളള തുക കൈമാറിയത് അഹമ്മദാബാദ് ഓര്‍ത്തോഡോക്സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മധുരം നല്‍കി സ്വീകരിച്ച മെത്രാപ്പോലീത്ത അദ്ദേഹത്തിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹം നല്‍കിയാണ് മടക്കിയത്.

രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായിട്ടാണ് പത്രികയ്ക്കൊപ്പം കെട്ടിവെയ്ക്കാനുളള തുക എഎന്‍ രാധാകൃഷ്ണന്‍ മെത്രാപ്പോലീത്തയില്‍ നിന്നും നേരിട്ടെത്തി ഏറ്റുവാങ്ങിയത്. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്നലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും എ.എന്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിച്ചിരുന്നു.                                                     

എ.എന്‍ രാധാകൃഷ്ണന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയതോടെ കടുത്ത ത്രികോണ മത്സരത്തിനാണ് തൃക്കാക്കര സാക്ഷ്യം വഹിക്കുന്നത്. അടിസ്ഥാന തലത്തില്‍ ഉള്‍പ്പെടെ ശക്തമായ പ്രചാരണമാണ് എന്‍ഡിഎ നടത്തുന്നത്. മുന്നണിയിലെ ഘടകകക്ഷികളും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കഴിഞ്ഞു.

തൃക്കാക്കരയിലെ എംഎല്‍എ ആയിരുന്ന പി.ടി തോമസിന്റെ പത്നി ഉമാ തോമസ് ആണ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജോ ജോസഫ് ആണ് എല്‍ഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയിട്ടുളളത്.

ഇരുവരും ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു. കെ റെയില്‍ ഉള്‍പ്പെടെയുളള വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെയാണ് എല്‍ഡിഎഫ് തൃക്കാക്കരയില്‍ മത്സരിക്കുന്നത്.