Thursday, May 16, 2024
keralaNews

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനം വേണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച് വൈകാതെ മുഴുവന്‍ ബുക്കിങ്ങും പൂര്‍ത്തിയാകുമെങ്കിലും ഇങ്ങനെ ബുക്ക് ചെയ്തവരില്‍ പകുതിപേര്‍ മാത്രമെ ദര്‍ശനത്തിന് എത്തുന്നുള്ളൂ എന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന് വലിയ നഷ്ടമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. അതിനാല്‍ മാസ പൂജയ്ക്ക് വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കൊറോണയ്ക്ക് മുന്‍പ് മാസപൂജകള്‍ക്കായി നടതുറക്കുമ്പോള്‍ പ്രതിദിനം ഒന്നരക്കോടിയിലേറെ രൂപ വരുമാനം ലഭിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരാഴ്ച തുറന്നാലും ഒറ്റദിവസം ലഭിച്ചിരുന്ന വരുമാനം ലഭിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. മാസ പൂജകള്‍ക്കായി നടതുറന്നിരിക്കുന്ന ഓരോ ദിവസവും 20 ലക്ഷം രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ ചിലവ്.നിലവില്‍ ശബരിമലയില്‍ പ്രതിദിനം 5000 പേര്‍ക്കാണ് പ്രവേശനാനുമതി. കഴിഞ്ഞ മാസപൂജയ്ക്ക് അവസാന ദിവസത്തേക്ക് 5000 പേര്‍ ബുക്ക് ചെയ്തെങ്കിലും 1500 പേര്‍ മാത്രമാണ് എത്തിയത്. അഞ്ച് ദിവസത്തേക്കും കൂടി ലഭിച്ച ആകെ വരുമാനത്തുക 1.38 കോടി രൂപ മാത്രമായിരുന്നു. തെരഞ്ഞെടുപ്പും ഉത്സവ സീസണും കൂടി വരുന്നതിനാല്‍ സന്നിധാനത്തേക്കുള്ള ഭക്തരുടെ വരവ് ഇതിലും കുറയുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.അതേസമയം മീനമാസപൂജ ദര്‍ശനത്തിന് ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആരംഭിച്ചിട്ടുണ്ട്. കൊറോണ നെഗറ്റീവാണെന്ന ആര്‍ടിപിസിആര്‍ ലാബ് പരിശോധനാ ഫലം നിര്‍ബന്ധമാണ്. ഞായറാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ഉത്സവം മാര്‍ച്ച് 19ന് കൊടിയേറും. 28നാണ് ആറാട്ട്.