Tuesday, May 21, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം അവലോകന യോഗം ഇന്ന്

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിലാണ് അവലോകന യോഗം ചേരുക. വൈകീട്ട് മൂന്ന് മണിയക്കാണ് യോഗം. ചെറിയ വാഹനങ്ങള്‍ പമ്പയില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.തീര്‍ത്ഥാടനമാരംഭിക്കാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെയാണ് അവലോകന യോഗം.തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാട്.വാഹനങ്ങള്‍ ബേസ് ക്യാമ്പായ നിലക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം കെഎസ്ആര്‍ടിസി ബസില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയില്‍ എത്തുന്നത് . ഇതിന് പകരം ചെറിയ വാഹനങ്ങള്‍ക്ക് പമ്പയില്‍ പാര്‍ക്കിംഗ് അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.കെഎസ്ആര്‍ടിസി ബസിലെ തിക്കും തിരക്കും കാരണം ഉണ്ണിയപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ വില്‍പ്പന ഗണ്യമായി ബോര്‍ഡിന് കുറഞ്ഞിട്ടുണ്ട്. പമ്പ നിലക്കല്‍ പ്രത്യേക സര്‍വ്വീസ് നടത്തുന്നതിലൂടെ കെഎസ്ആര്‍ടിസി അമിത ലാഭം കൊയ്യുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. സന്നിധാനത്തും പമ്പയിലും നിലക്കലും തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്ന ആവശ്യവും അവലോകന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് മുന്നോട്ട് വയ്ക്കും.നിലക്കല്‍ കുടിവെള്ള പദ്ധതി തീര്‍ത്ഥാടന കാലത്തിന് മുന്‍പ് പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടും. വെര്‍ച്ച്വല്‍ ക്യൂ സംവിധാനം പൂര്‍ണമായി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആദ്യ തീര്‍ത്ഥാടനകാലമാണിത്. ദേവസ്വം മന്ത്രിയ്ക്ക് പുറമെ മറ്റ് വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുക്കും.