Thursday, May 16, 2024
educationkeralaNewspolitics

വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിട്ടില്ല, ചെയ്യാത്ത തെറ്റിന് കേസില്‍ പെടുത്താന്‍ ശ്രമം; അന്‍സില്‍ ജലീല്‍

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന് കേസില്‍ പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നും കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീല്‍. വീട്ടില്‍ പല തവണയായി പൊലീസുകാര്‍ വന്നു. സമൂഹമാധ്യമങ്ങള്‍ വഴി നേരിടുന്നത് കടുത്ത ആക്രമണമാണ്.                                    വ്യാജ പ്രചാരണം നടത്തി സുഹൃത്തുക്കളെ അടക്കം അപമാനിച്ചു. വ്യാജവാര്‍ത്ത നല്‍കിയ ദേശാഭിമാനിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അന്‍സില്‍ ജലീല്‍. തെറ്റ് ചെയ്തിട്ടില്ലെന്നും അന്‍സില്‍ ആവര്‍ത്തിച്ചു പറഞ്ഞു. കെഎസ്‌യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമെന്ന കേരള സര്‍വകലാശാലയുടെ കണ്ടെത്തല്‍ പുറത്തു വന്നിരുന്നു. അന്‍സിലിന്റെ സര്‍ട്ടിഫിക്കറ്റിലെ ഒപ്പ്, സീല്‍, രജിസ്റ്റര്‍ നമ്പര്‍ എന്നിവ യഥാര്‍ത്ഥമല്ലെന്നും സര്‍വകലാശാല അറിയിച്ചു. അന്‍സിലിനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കണ്‍ട്രോളര്‍ ഡിജിപിക്ക് പരാതി നല്‍കി. നിഖില്‍ തോമസിനെതിരായ പരാതിക്കൊപ്പമാണ് അന്‍സിലിനെതിരെയും പരാതി നല്‍കിയത്. പരീക്ഷ കണ്‍ട്രോളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കിയത് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.കേരള സര്‍വകലാശാലയില്‍ ബികോം പഠിച്ചിട്ടില്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റിനെ പറ്റി അറിയില്ലെന്നും അന്‍സില്‍ ജലീല്‍ പറഞ്ഞു. ബി.എ ഹിന്ദി ലിറ്ററേച്ചറാണ് സര്‍വകലാശാലയില്‍ പഠിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും അഡ്മിഷനോ ജോലിയിലോ പ്രവേശിച്ചിട്ടില്ലെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പരാതികളെന്നും അന്‍സില്‍ ജലീല്‍ പ്രതികരിച്ചു. വ്യാജ പ്രചരണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അന്‍സില്‍ ജലീല്‍ പറഞ്ഞു. കെഎസ്യു നേതാവിനെതിരായ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം ഉണ്ടയില്ലാ വെടിയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പ്രതികരിച്ചു.