Sunday, May 19, 2024
keralaNewsSports

വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയ മാദ്ധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് വിലക്ക്

മുംബൈ: ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിന് വിലക്ക്.                                       

ബിസിസിഐയുമായി ബന്ധപ്പെട്ട ഒരു ക്രിക്കറ്റ് മത്സരത്തിലും രണ്ടു വര്‍ഷത്തേക്ക് ബോറിയയ്ക്ക് ഇനി പ്രവേശനം ഉണ്ടാവില്ല. ഒപ്പം മത്സരങ്ങളെക്കുറിച്ച് എഴുതാനോ താരങ്ങളെ അഭിസംബോധന ചെയ്യാനോ വിലക്കുള്ള കാലഘട്ടത്തില്‍ സാധിക്കില്ല.

മൂന്നംഗ കമ്മറ്റിയാണ് പരാതി അന്വേഷിച്ചത്. അഭിമുഖത്തിന് വിസമ്മതിച്ചതോടെ ക്രിക്കറ്റ് ജീവിതം ഇല്ലാതാക്കുമെന്ന തരത്തിലുള്ള ഭീഷണി നടത്തിയെന്നാണ് ബോറിയക്കെതിരായ പരാതി. ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളെന്ന തരത്തില്‍ ബോറിയ എല്ലാ യോഗത്തിലും അന്താരാഷ്ട്ര ദേശീയ മത്സരങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. ക്രിക്കറ്റിലെ ദു:സ്വാധീനം എല്ലാ മേഖലയിലും വളരുന്നതിന്റെ അവസാന സംഭവമായി മാറിയിരിക്കുകയാണ് മാദ്ധ്യമപ്രവര്‍ത്തകന്‍ ബോറിയ മജൂംദാര്‍ സാഹയെ ഭീഷണിപ്പെടുത്തിയ വാര്‍ത്ത.         

ദേശീയ ക്രിക്കറ്റ് താരവും പശ്ചിമബംഗാള്‍ സ്വദേശിയുമായ വൃദ്ധിമാന്‍ സാഹയെ ബോറിയ ഭീഷണിപ്പെടുത്തിയെന്ന പരാതി പേര് പരാമര്‍ശിക്കാ തെയാണ് ഒരു അഭിമുഖത്തിലാണ് സാഹ വെളിപ്പെടുത്തിയത്.

പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തിയതോടെയാണ് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച ബിസിസിഐ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിനെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയതായി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരു മത്സരം റിപ്പോര്‍ട്ട് ചെയ്യാനോ ലേഖനങ്ങള്‍ എഴുതാനോ കായികതാരങ്ങളെ ബന്ധപ്പെടാനോ ബോറിയയ്ക്ക് ഇനി രണ്ടു വര്‍ഷത്തേക്ക് സാധിക്കില്ല. എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്കും ബോറിയയുടെ വിഷയത്തില്‍ നിരോധനം ബാധകമാണ്.