Monday, May 13, 2024
keralaNewspolitics

പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് ; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമെന്ന് ബിജെപി

തിരുവനന്തപുരം: പി.സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്ത നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം നിശബ്ദരാക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഇടതുപക്ഷം പര്‍ണ്ണമായും ഭീകരവാദത്തിന് കീഴടങ്ങിയെന്നും സുരേന്ദ്രന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ പോലീസ് വേട്ടയാടുകയാണ്. ജനങ്ങളെ അണിനിരത്തി ബിജെപി പ്രതിരോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി. ജോര്‍ജ്ജിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പി.സി.ജോര്‍ജ്ജിനെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബിജെപി നേതാക്കള്‍ പി സി ജോര്‍ജിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്. ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍ ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.

പിസിയ്ക്കെതിരായ പോലീസ് നടപടി കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള നീക്കമെന്ന് വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ വിജി തമ്പി പ്രതികരിച്ചു.

പിസി ജോര്‍ജ് സംസാരിച്ചത് ഹിന്ദുകളോടാണ്. ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികള്‍ അദ്ദേഹം തുറന്നുകാട്ടുകയാണ് ചെയ്തത്. പോലീസ് നടപടി നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.