Thursday, May 16, 2024
keralaNews

വീസ വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് പിതാവും മകനും അറസ്റ്റില്‍

തൊടുപുഴ :വീസ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ പിതാവിനെയും മകനെയും കഞ്ഞിക്കുഴി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ ചേലച്ചുവട് ചുരുളി നെല്ലിക്കുന്നേല്‍ സായന്ത് (23), പിതാവ് സജീവ് (53) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയും സജീവിന്റെ ഭാര്യയുമായ ബിന്ദു വിദേശത്തേക്കു കടന്നതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല. അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു.പഴയരിക്കണ്ടം, വട്ടോന്‍പാറ സ്വദേശികളായ മൂന്നു പേരുടെ പരാതിയിലാണു നടപടി. പോര്‍ച്ചുഗലില്‍ ജോലി വാഗ്ദാനം ചെയ്ത് പ്രതികള്‍ 17 ലക്ഷം രൂപ കൈക്കലാക്കിയെന്നാണു പരാതി. പരാതിക്കാരെ ദുബായ് വരെ കൊണ്ടു പോയെങ്കിലും തിരികെ നാട്ടില്‍ എത്തിച്ചു. പ്രിന്‍സിപ്പല്‍ എസ്‌ഐ ജോയി മാത്യു, എസ്‌ഐമാരായ ടി.ജി.ഉണ്ണിക്കൃഷ്ണന്‍, സജി പി.ജോണ്‍, എഎസ്ഐ സുനില്‍ ജോര്‍ജ്, സിപിഒമാരായ റെജിമോന്‍, ജോബി എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.