Thursday, May 2, 2024
indiaNews

വി.കെ ശശികലയുടെ സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു

മുന്‍ എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ സ്വത്തുവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ചെന്നൈയ്ക്ക് സമീപം സിരുതാവൂരിലെ പയ്യാനൂരില്‍ 24 ഏക്കറോളം ഭൂമിയില്‍ പടര്‍ന്നു കിടക്കുന്ന 11 വസ്തുവകകളാണ് കണ്ടുകെട്ടിയത്. ബിനാമി ഇടപാട് നിരോധന നിയമപ്രകാരമായിരുന്നു നടപടി. 1991-1996 കാലഘട്ടത്തില്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വാങ്ങിയതാണ് ഇതെന്ന് കരുതുന്നു.

കഴിഞ്ഞ വര്‍ഷം ആദായനികുതി വകുപ്പ് ശശികലയുടെയും സഹായികളുടെയും പേരിലുള്ള അറുപത്തഞ്ചോളം വസ്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. 2019ല്‍ ശശികലയുടെ പേരിലുള്ള 1600 കോടി രൂപ വിലവരുന്ന സ്വത്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. അതിനു മുന്‍പ് 2017ല്‍ ശശികലയുടെയും ബന്ധുക്കളുടെയും പേരിലുള്ള 187 വസ്തുവകകളില്‍ പരിശോധന നടത്തുകയും ഏകദേശം 1,430 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തിരുന്നു. അനധികൃത സ്വത്തുസമ്പാദന കേസില്‍ 2017ല്‍ ജയിലില്‍ പോയ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ഈ ഫെബ്രുവരിയിലാണ് തമിഴ്നാട്ടില്‍ തിരിച്ചെത്തിയത്.