Wednesday, May 22, 2024
keralaNews

വിസ്മയ കേസില്‍ പരമാവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി

കൊല്ലം :വിസ്മയ കേസില്‍ പ്രതികളെ ശിക്ഷിക്കാന്‍ മതിയായ പരമാവധി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡിവൈഎസ്പി പി.രാജ്കുമാര്‍. കഴിയുന്നത്ര രേഖകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. തെളിവുകള്‍ ശക്തമാണെന്നും ഡിവൈഎസ്പി പറഞ്ഞു. കേസില്‍, കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.2021 ജൂണ്‍ 21ന് പുലര്‍ച്ചെയാണ് ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള മാനസികവും ശാരീരികവുമായ പീഡനത്താല്‍ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അന്ന് വൈകിട്ട് പൊലീസില്‍ കീഴടങ്ങിയ ഭര്‍ത്താവ് കിരണ്‍കുമാറിനെ പിറ്റേന്ന് അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍കുമാറിനെ ഓഗസ്റ്റ് 6ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

സ്ത്രീധനമായി കൂടുതല്‍ പണവും സ്വര്‍ണവും വിലകൂടിയ ആഡംബര കാറും ആവശ്യപ്പെട്ടായിരുന്നു പീഡനം. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിച്ച് മുറിവേല്‍പ്പിക്കുക, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ എന്നിവയാണ് കിരണകുമാറിനെതിരായ കുറ്റങ്ങള്‍. കേസില്‍ 2021സെപ്റ്റംബര്‍ 10നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.