Tuesday, May 21, 2024
keralaNews

 സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി  കിരണ്‍കുമാറിനുണ്ടായിരുന്ന അതൃപ്തി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്.

കൊല്ലം :നിലമേല്‍ സ്വദേശി വിസ്മയ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയാനിരിക്കെ, വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി ഭര്‍ത്താവ് കിരണ്‍കുമാറിനുണ്ടായിരുന്ന അതൃപ്തി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്.ഇഷ്ടപ്പെട്ട കാര്‍ ഹോണ്ട സിറ്റി, വില കൂടിയതിനാലാണ് വെന്റോ മതിയെന്ന് പറഞ്ഞതെന്ന് കിരണ്‍കുമാര്‍ പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. പറഞ്ഞുറപ്പിച്ച ശേഷവും മാറ്റിയെന്നും രാവിലെ കാര്‍ കണ്ടതും തന്റെ കിളി പറന്നെന്നും വിസ്മയയോട് കിരണ്‍ കുമാര്‍ പറയുന്നു.

വിസ്മയ ഭര്‍തൃവീട്ടില്‍ അനുഭവിച്ച് ദുരിതങ്ങളുടെ ശബ്ദരേഖകള്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ തെളിവുകളാണ് കേസില്‍ നിര്‍ണായകമാവുക. രാവിലെ 11 മണിക്കാണ് കൊല്ലം ഒന്നാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത്ത് വിധി പറയുക. 2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21 നു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.