Saturday, May 18, 2024
keralaNews

വിവാഹത്തിന് യുവതിയ്ക്ക് സഹായവുമായി സുരേഷ് ഗോപി എത്തി

നിശ്ചയിച്ച വിവാഹം സാമ്പത്തിക ബുദ്ധിമുട്ട് മൂലം മുടങ്ങുന്ന ഘട്ടത്തിലെത്തിയ യുവതിക്ക് കൈത്താങ്ങായി നടനും എംപിയുമായ സുരേഷ് ഗോപി. വിവാഹത്തിന് സഹായം വാഗ്ദാനം നല്‍കിയവര്‍ അവസാന നിമിഷം വാക്ക് മാറ്റിയതോടെ ബുദ്ധിമുട്ടിലായി ഇടുക്കി ദേവികുളം ഹൈസ്‌കൂളിന് സമീപം പിഡബ്ല്യൂഡി ഉപേക്ഷിച്ച ഷെഡ്ഡില്‍ വര്‍ഷങ്ങളായി താമസിച്ച് വരുന്ന യുവതിക്കാണ് സുരേഷ്ഗോപി സഹായം നല്‍കിയത്. സെപ്തംബര്‍ ഒന്‍പതിനാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ധനസഹായം വാഗ്ദാനം ചെയ്തവര്‍ പിന്മാറിയത് മൂലം വിവാഹം നടക്കില്ലെന്ന അവസ്ഥയിലായി. പിതാവ് 21 വര്‍ഷം മുന്‍പ് മരിച്ചതാണ്.അമ്മ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് യുവതിയും കുടുംബം കഴിഞ്ഞിരുന്നത്. കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി അമ്മയ്ക്കും ജോലിയില്ല. ഇവരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വിവരം സുരേഷ് ഗോപിയെ അറിയിച്ചത്. തുടര്‍ന്ന് ബിജെപി ഇടുക്കി ജില്ലാ നേതൃത്വത്തെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ച് അറിയുകയും ചെയ്തു. ഇന്നലെ അടൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെക്ക് സുരേഷ് ഗോപി ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തുകയായിരുന്നു. ഈ സമയം യുവതിയെ ഇവിടെ എത്തിക്കാന്‍ ബിജെപിയുടെ ഇടുക്കി ജില്ലാ നേതൃത്വത്തോട് എംപി നിര്‍ദ്ദേശിച്ചിരുന്നു. ക്ഷേത്ര പരിസരത്ത് വെച്ച് വിവാഹത്തിനാവശ്യമായ കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി കൈമാറുകയും ചെയ്തു.