Tuesday, May 7, 2024
educationkeralaNews

വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്‌ടോപ് പദ്ധതി വഴി ഇതുവരെ നല്‍കിയത് ഉദ്ഘാടന ദിവസം വിതരണം ചെയ്ത 200 ലാപ്‌ടോപ് മാത്രം.

1.37 ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്ത സര്‍ക്കാരിന്റെ വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്‌ടോപ് പദ്ധതി വഴി ഇതുവരെ നല്‍കിയത് ഉദ്ഘാടന ദിവസം വിതരണം ചെയ്ത 200 ലാപ്‌ടോപ് മാത്രം. 2020 ജൂണില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയ പദ്ധതിയുടെ ഭാഗമായി ചിട്ടിക്കു പണമടച്ചു കാത്തിരിക്കുകയാണ് ബാക്കിയുള്ള ആയിരങ്ങള്‍.

ഫെബ്രുവരിയിലായിരുന്നു വിതരണ ഉദ്ഘാടനം. ഇതിന്റെ ഭാഗമായി കൊക്കോണിക്‌സിന്റെ 200 ലാപ്‌ടോപ് വിതരണം ചെയ്തു. ബാക്കിയുള്ളവയ്ക്കു പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിത്തുടങ്ങിയതു പോലും ഒരാഴ്ച മുന്‍പാണ്. ഓര്‍ഡര്‍ ലഭിച്ച ശേഷം ലാപ്‌ടോപ് വിതരണം ചെയ്യാന്‍ 12 ആഴ്ച വരെ കമ്പനികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി കമ്പനികള്‍ അനുവദിച്ച പ്രത്യേക വിലയുടെ കാലാവധി പോലും മാര്‍ച്ച് 31 ന് അവസാനിച്ചു. സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചു കമ്പനികള്‍ കാലാവധി നീട്ടിയിരിക്കുകയാണ്.

പലിശരഹിത തവണ വ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ വിലയ്ക്കു ലാപ്‌ടോപ് നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി മന്ത്രിസഭ അംഗീകരിച്ചത് 2020 ജൂണിലാണ്. ലാപ്‌ടോപ്പിനുള്ള കാത്തിരിപ്പ് ഒരു വര്‍ഷത്തോട് അടുക്കുകയാണ്. ടെന്‍ഡര്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ഏറെ കാലതാമസം നേരിട്ടിരുന്നു. റജിസ്റ്റര്‍ ചെയ്തവരില്‍ 86,876 പേരാണു വിദ്യാശ്രീ പോര്‍ട്ടലില്‍ എന്റോള്‍ ചെയ്തത്. ഇതില്‍ 54,398 പേര്‍ ഇഷ്ട മോഡല്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. 500 രൂപ മാസ അടവുള്ള 30 മാസത്തെ കെഎസ്എഫ്ഇ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്നു 3 മാസം മുടക്കമില്ലാതെ അടയ്ക്കുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു ലാപ്‌ടോപ് നല്‍കുന്നതാണു പദ്ധതി.