Wednesday, May 15, 2024
keralaNews

വാവ സുരേഷിന്റെ നിലയില്‍ പുരോഗതി.

കോട്ടയം ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും വാവ സുരേഷിന്റെ നിലയില്‍ പുരോഗതി. മെഡിക്കല്‍ സംഘത്തിന്റെ പരിശ്രമത്തെത്തുടര്‍ന്ന് സുരേഷ് അബോധാവസ്ഥയില്‍ നിന്നു തിരിച്ചുകയറിയപ്പോള്‍ ആ ജീവനു വേണ്ടി പ്രാര്‍ഥിച്ചവര്‍ക്ക് ആശ്വാസം.മൂര്‍ഖന്റെ രൂപത്തില്‍ വന്ന ദുര്‍വിധി അകന്നു പോകുന്നതു കാത്തിരിക്കുകയാണ് വാവയെ സ്‌നേഹിക്കുന്നവര്‍.അടുത്ത 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അതിനു ശേഷം സുരേഷിനെ (48) വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.

മൂര്‍ഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് സുരേഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോയി. തലച്ചോറിന്റെ പ്രവര്‍ത്തനവും കുറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്നലെ യോഗം ചേര്‍ന്ന് ചികിത്സാരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. മരുന്നുകളുടെയും ആന്റി സ്‌നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തി. ഇതോടെ വീണ്ടും പ്രതീക്ഷയായി സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു. കൈകളും കാലുകളും ഉയര്‍ത്തുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നില അല്‍പം കൂടി മെച്ചപ്പെട്ട് കണ്ണുകള്‍ പൂര്‍ണമായും തുറന്നു. വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ കഴിയൂ എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.വെന്റിലേറ്ററില്‍ നിന്നു മാറ്റിയാലും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സ വേണ്ടിവരും. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. രക്തസമ്മര്‍ദവും സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂര്‍ഖന്റെ കടിയേറ്റാല്‍ ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. സുരേഷിന്റെ സഹോദരന്‍ സത്യദേവന്‍, ഭാര്യ ജെസി വര്‍ഗീസ്, ബന്ധു സന്തോഷ് എന്നിവര്‍ ആശുപത്രിയിലുണ്ട്.