Saturday, May 18, 2024
keralaNews

വാതിലടയ്ക്കാതെ ഇനി ബസ് ഓടിച്ചാല്‍ കടുത്ത നടപടി

വാതിലടയ്ക്കാതെ ഇനി ബസ് ഓടിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രാഫിക് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് അറിയിച്ചു.മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ട്രാഫിക് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് നടപടിയെടുത്തത്. പൊതു ,സ്വകാര്യ ബസുകള്‍ വാതിലുകള്‍ അടക്കാതെയും അവയുടെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാതെയും സര്‍വ്വീസ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് ( ഐജി )വ്യക്തമാക്കി.ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐജി റിപ്പോര്‍ട്ടിലാണ് നിയമലംഘനത്തിന് കടുത്ത നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയത്. വൈത്തിരി ബസ് സ്റ്റാന്‍ഡില്‍ വാതില്‍ അടക്കാതിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ബസുകളുടെ ഓട്ടോമാറ്റിക് വാതിലുകള്‍ സാങ്കേതിക പിഴവില്ലാതെ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ ദേവദാസ് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന പോലീസ് മേധാവി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരില്‍ നിന്നാണ് റിപ്പോര്‍ട്ട് തേടിയത്.