Thursday, May 16, 2024
keralaNews

വാഗമണ്‍ റോഡ് പുനര്‍നിര്‍മാണം വൈകുന്നതിനെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു.

വാഗമണ്‍ റോഡ് പുനര്‍നിര്‍മാണം വൈകുന്നതിനെതിരെ പിസി ജോര്‍ജ്ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചു. ജോലി ഏറ്റെടുത്ത കമ്ബനി ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നില്ലെന്നാണ് ജോര്‍ജിന്റെ പരാതി. മൂന്ന് വര്‍ഷത്തിലേറെ ചെറുവിരല്‍ അനക്കാത്ത എംഎല്‍എയുടെ ഇടപെടല്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നാണ് ആരോപണം.2017-ലാണ് ഈരാറ്റുപേട്ട വാഗമണ്‍ റോഡ് നവീകരണത്തിന് 66 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. സ്ഥലം ഏറ്റെടുക്കാന്‍ അഞ്ച് കോടിയും വകയിരുത്തി. നിര്‍മാണം വൈകുന്നതിനെതിരെ മൂന്ന് വര്‍ഷത്തിനിടെ പലതവണ പ്രതിഷേധം ഉയര്‍ന്നു.

ടെന്‍ഡര്‍ ചെയ്യുന്നതിന് തടസങ്ങളില്ലെന്ന് കിഫ്ബി സിഇഒ അറിയിച്ചിട്ടും നിര്‍വഹണ ഏജന്‍സിയായ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്ബനി നടപടികള്‍ വൈകിപ്പിക്കുന്നുവെന്നാണ് എംഎല്‍എയുടെ ആരോപണം.
അതേസമയം, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ എംഎല്‍എ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് കോണ്‍ഗ്രസും കേരള കോണ്‍ഗ്രസസും കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിച്ചത് രാഷ്ട്രീയ നാടകമാണെന്നും ആരോപിക്കുന്നു. വിനോദ സഞ്ചാരമേഖലയായ വാഗമണ്ണിലേയ്ക്കുള്ള പാതയുടെ ശോചനീയാവസ്ഥ സന്ദര്‍ശകരെയും വലയ്ക്കുകയാണ്. പി.സി. ജോര്‍ജിന്റെ ഹര്‍ജി സ്വീകരിച്ച കോടതി 17ന് ഹാജരായി മറുപടി നല്കാന്‍ റിക് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്.