Friday, May 17, 2024
keralaNews

വയനാട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസ്

വയനാട്: കടുവാപ്പേടിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൈയ്യാങ്കളിയുണ്ടായ സംഭവത്തില്‍ മാനന്തവാടി കൗണ്‍സിലര്‍ക്കെതിരെ കേസ്. വിപിന്‍ വേണുഗോപാലിനെതിരെ അഞ്ചോളം വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുതിയിടത്ത് കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനക്കെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് കേസ്.വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, കൈ കൊണ്ടുള്ള മര്‍ദനം, അന്യായമായി തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കുറുക്കന്‍മൂലയിലെ ജനവാസ മേഖലകളില്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി 20 ദിവസത്തിനിപ്പുറവും തെരച്ചില്‍ തുടരുകയാണ്. പയ്യമ്പള്ളി, കൊയ്‌ലേരി മേഖലകളില്‍ എവിടെയോ കടുവ ഒളിച്ചിരിപ്പുണ്ടെന്നാണ് നിഗമനം. ഈ പ്രദേശങ്ങളില്‍ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്മൂലയില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളില്‍ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. അതേസമയം മാനന്തവാടി നഗരസഭയിലെ എട്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.