Saturday, May 11, 2024
keralaNews

വയനാട്ടില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല മേഖലയാക്കുന്നു

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുളള കൂടുതല്‍ പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല മേഖലയാക്കുന്നതിനുളള കരട് വിജ്ഞാപനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. വന്യജീവി സങ്കേതത്തിന് ചുറ്റുമുളള 3.5 കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കുന്നത്. ബത്തേരി, കാട്ടിക്കുളം ടൗണുകള്‍ ഇതില്‍പ്പെടും. ആക്ഷേപമുളളവര്‍ 60 ദിവസത്തിനുളളില്‍ അറിയിക്കാനാണ് നിര്‍ദ്ദേശം. അറുപതുദിവസം കഴിഞ്ഞാല്‍ പരിസ്ഥിതി ദുര്‍ബലമേഖലയായുളള പ്രഖ്യാപനം ഉണ്ടാവും.

പരിസ്ഥിതി ദുര്‍ബലമേഖലയാക്കുന്നതോടെ പ്രദേശത്ത് ഭൂമി ഉപയോഗത്തിനുള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങളാവും നിലവില്‍ വരുന്നത്. വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നിനും അനുമതി കിട്ടില്ല. പുതിയ ഹോട്ടലുകളോ റിസോര്‍ട്ടുകളോ തുടങ്ങുന്നതിനും അനുമതി ഉണ്ടാവില്ല. ഇതിനൊപ്പം മലിനീകരണമുണ്ടാക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും പുതിയ തടിമില്ലുകള്‍ തുടങ്ങുന്നതിനും അനുമതി ലഭിക്കില്ല. എന്നാല്‍ പഴയ തടിമില്ലുകള്‍ക്ക് തുടരാം. പക്ഷേ, പ്രത്യേക അനുമതി കിട്ടിയാലേ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുമതി ലഭിക്കൂ.ജലവൈദ്യുത പദ്ധതികള്‍ക്കും ഖനനപ്രവര്‍ത്തങ്ങള്‍ക്കുളള അനുമതിയും ലഭിക്കില്ല.